യു.എസ് ഇടക്കാലതെരഞ്ഞെടുപ്പ്; ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ വീറ്റോ അധികാരം പ്രയോഗിക്കുന്നുമെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ പ്രസിഡന്റിന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ അധികാരത്തിലെത്തിയാൽ താൻ ‘മിസ്റ്റർ വീറ്റോ’ ആയി മാറേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ ഞായറാഴ്ച ഫോക്സ് ന്യൂസ് പുറത്തുവിട്ടിരുന്നു.
ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിൽ ഭൂരിപക്ഷം ലഭിച്ചാൽ അവർ അവതരിപ്പിക്കുന്ന ബില്ലുകൾക്കെതിരെ പ്രസിഡന്റ് എന്ന നിലയിൽ വീറ്റോ അധികാരം പ്രയോഗിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. തുടർച്ചയായി ഒന്നോ രണ്ടോ മാസത്തേക്ക് ബില്ലുകൾ വീറ്റോ ചെയ്യപ്പെടുമ്പോൾ ഒടുവിൽ ഡെമോക്രാറ്റുകൾ ചർച്ചകൾക്ക് തയ്യാറാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
‘അവർ ബില്ലുകൾ അയക്കും. നിങ്ങൾ അത് വീറ്റോ ചെയ്യും. ഒന്നോ രണ്ടോ മാസത്തേക്ക് തുടർച്ചയായി വീറ്റോ ചെയ്യപ്പെടുമ്പോൾ, ഒടുവിൽ അവർ ചർച്ചകൾക്കായി മുന്നോട്ടുവരും. അങ്ങനെ നമുക്ക് ധാരണയിലെത്താനാകും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഈ പ്രതികരണം ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും ഇത്തവണ മത്സരം കടുക്കുകയാണ്. ജീവിതച്ചെലവിലെ വർധനയും ഇറാനുമായുള്ള യുദ്ധവുമാണ് വോട്ടർമാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം നിലനിർത്താൻ ട്രംപ് കഴിഞ്ഞ കുറച്ചുമാസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച കൻസാസ്, അയോവ സംസ്ഥാനങ്ങളിലും അദ്ദേഹം റാലികളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.