ഗസ്സയിൽ ഇസ്രായേൽ അഞ്ചുപേരെ വധിച്ചു
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. താൽ അൽ ഹവയിലെ അൽ ഖൂർ റൗണ്ട് എബൗട്ടിന് സമീപം സിവിലിയൻ വാഹനത്തിന് മേൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിക്കുകയായിരുന്നു. 48 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 38 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഇപ്പോൾ മരിച്ചതായും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ട് മൃതദേഹം കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിലായതിന് ശേഷവും 1593 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5748 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറമെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 847 മൃതദേഹം കണ്ടെത്തി. വെടിനിർത്തൽ ധാരണകളെ കാറ്റിൽ പറത്തി അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയരുന്നതിന് ഒരു വിലയും കൽപിക്കാതെ ഏകപക്ഷീയമായി ആക്രമണം തുടരുകയായിരുന്നു ഇസ്രായേൽ സൈന്യം.
2023 ഒക്ടോബറിൽ ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം 74,609 ഫലസ്തീനികൾ കൊല്ലപ്പെടുകയും 175,872 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ വടക്കൻ ഗസ്സയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ നാല് ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. റിക്രൂട്ട്മെന്റ് വിഭാഗം തലവൻ നബീൽ ഹമദ്, കമാൻഡൻ മുഹമ്മദ് നാദിർ മഹ്മൂദ് ദഹ്ദൂഹ്, എലൈറ്റ് നഖ്ബ ഫോഴ്സ് അംഗം ആയിൽ നായിഫ് മസല്ലം, റോക്കറ്റ് യൂനിറ്റ് കമാൻഡർ അറഫാത് കമാൽ മുഹമ്മദ് അറൈർ എന്നിവരെ വധിച്ചതായി ഐ.ഡി.എഫ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.