ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി
‘ആവശ്യങ്ങൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനകം ഹുർമുസ് തുറക്കും, നിങ്ങളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും ഞങ്ങളുടെ സമീപനം’: ഇറാൻ വിദേശകാര്യ വക്താവ്
തെഹ്റാൻ: ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് അനുസരിച്ചായിരിക്കും യു.എസിനോടുള്ള സമീപനമെന്ന് വിദേശകാര്യ വക്താവ്. ഉപാധികൾ നടപ്പിലാക്കുമെന്ന ഉറപ്പുലഭിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ തയാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോഴും വഅമേരിക്കയുമായി ചർച്ചകൾ നടന്നു വരികയാണ്. ഇറാനോടുള്ള നിലപാടിനെയും ആവശ്യങ്ങൾ അംഗീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി വ്യക്തമാക്കി.
മധ്യേഷ്യയിലെ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരികെ നൽകുക, എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധം നീക്കുക, യു.എൻ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഒമാനുമായി ചേർന്ന് രൂപവത്കരിച്ച പുതിയ സമുദ്ര യാത്രമാർഗവും അമേരിക്ക അംഗീകരിക്കണം. കഴിഞ്ഞ മാസങ്ങളിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കണമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അമേരിക്കയും ഇസ്രായേലും തെഹ്റാനിന് മേൽ ആക്രമണം ശക്തമാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഉടനടി ഇറാനെതിരെ സൈനിക നീക്കം നടത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ട്രംപിന്മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ചർച്ചകളുടെ പുരോഗതി നോക്കിമാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന നിലപാടിലാണ് ട്രംപ്. ഞായറാഴ്ച നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണം നിർണായകമായിരുന്നുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയുമായി വീണ്ടുമൊരു സംഘർഷമുണ്ടായാൽ അത് മുമ്പത്തെ യുദ്ധത്തേക്കാൾ കൂടുതൽ കാലം നീണ്ടുനിന്നേക്കാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാനിലെ ഉന്നത രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരും പറയുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും യു.എസും ഇസ്രായേലും വീണ്ടും വ്യോമാക്രമണങ്ങൾ ആരംഭിച്ചേക്കുമെന്ന ഭീഷണികൾ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.