'വെടിനിർത്തലിന് ശേഷവും ലോഡ് കണക്കിന് ബോംബിട്ടു', ഇസ്രായേലിനെ കുറ്റപ്പെടുത്തി ട്രംപ്; ഇരുരാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചതിൽ കടുത്ത അതൃപ്തി

വാഷിങ്ടൺ ഡി.സി: ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളും ലംഘിച്ചെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ധാരണക്ക് ശേഷവും വൻതോതിൽ ആക്രമണം നടത്തിയ ഇസ്രായേലിന്‍റെ നടപടിയെ ട്രംപ് വിമർശിച്ചു. പൈലറ്റുമാരെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. വെടിനിർത്തൽ ലംഘനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ലംഘനം മന:പൂർവമാണോയെന്ന് തനിക്ക് അറിയില്ലെന്നും ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെടിനിർത്തൽ ലംഘിച്ച ഇസ്രായേലിന്‍റെ നടപടിയിൽ ട്രംപ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു. 'നിങ്ങൾക്ക് 12 മണിക്കൂർ ഉണ്ടെന്ന് (വെടിനിർത്താൻ) ഞാൻ പറയുമ്പോൾ, നിങ്ങൾ ആദ്യത്തെ മണിക്കൂറിൽ തന്നെ നിങ്ങളുടെ കയ്യിലുള്ളതെല്ലാം അവരുടെ മേൽ ഇടുകയല്ല വേണ്ടത്. ഞാൻ ഇതുവരെ കാണാത്ത രീതിയിൽ ലോഡ് കണക്കിന് ബോംബുകളാണ് ഇസ്രായേൽ ഇട്ടത്. രണ്ട് രാജ്യങ്ങളും അടിസ്ഥാനപരമായി, എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത വിധം വളരെക്കാലമായി കഠിനമായി പോരാടുകയാണ്' -ട്രംപ് പറഞ്ഞു. നിങ്ങളുടെ പൈലറ്റുമാരെ തിരികെ വിളിക്കണമെന്നും ട്രംപ് ഇസ്രായേലിനോട് പറഞ്ഞു. 

ഇസ്രായേൽ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. എല്ലാ വിമാനങ്ങളും തിരികെ ഇസ്രായേലിലേക്ക് തന്നെ വരും. ആരും ആക്രമിക്കപ്പെടില്ല. വെടിനിർത്തൽ നിലവിലുണ്ടാകും -ട്രംപ് പറഞ്ഞു. തകർത്ത ആണവ കേന്ദ്രങ്ങൾ ഇറാൻ പുനർനിർമിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു.  



 


ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഡോണൾഡ് ട്രംപാണ് നേരത്തെ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെടിനിര്‍ത്തലിന്‍റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും കനത്ത ആക്രമണം തുടർന്നു. ഇസ്രായേൽ തെഹ്റാനിൽ നടത്തിയ വ്യാപക ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനുനേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. 

തിങ്കളാഴ്ച വൈകീട്ട് ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യു.എസ് താവളമായ അൽ ഉദൈദ് എയർ ബേസിനുനേരെയാണ് മിസൈലുകളാണു തൊടുത്തത്. സ്വയംപ്രതിരോധത്തിന്‍റെ ഭാഗമായാണ് മിസൈൽ തൊടുത്തതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ആക്രമണത്തിനു മുമ്പ് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, തന്‍റെ ഇടപെടലിലൂടെ സാധ്യമായെന്ന് അവകാശപ്പെടുന്ന വെടിനിർത്തൽ ഇരുരാജ്യങ്ങളും ലംഘിച്ചതിലാണ് ട്രംപിന് കടുത്ത അമർഷം. 

രണ്ട് രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതോടെ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനാണ് വിരാമമായത്. എന്നാൽ, ഏറെ വൈകാതെ തന്നെ വെടിനിർത്തൽ ധാരണയിൽ നിന്ന് പിറകോട്ട് പോയെന്ന് ആരോപിച്ച് ഇറാനെതിരെ ആക്രമണത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഉത്തരവിടുകയായിരുന്നു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതിനു ശേഷവും ഇറാനിൽനിന്ന് രണ്ടു മിസൈലുകൾ തങ്ങളുടെ രാജ്യത്തേക്ക് തൊടുത്തുവിട്ടതായാണ് ഇസ്രായേൽ ആരോപിച്ചത്. അതേസമയം, തങ്ങൾ വെടിനിർത്തൽ ധാരണ ലംഘിച്ചതായുള്ള ഇസ്രായേൽ വാദം കള്ളമാണെന്നും വെടിനിർത്തലിന് മുമ്പേയാണ് തങ്ങൾ തിരിച്ചടിച്ചതെന്നും ഇറാൻ പറഞ്ഞിരുന്നു. 

Tags:    
News Summary - Trump warns Israel not to attack Iran, says both sides broke truce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.