​'ഞാൻ നിരവധി അവസരങ്ങൾ നൽകി, എന്നാൽ അവർക്കതിന് കഴിഞ്ഞില്ല; അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കും, എത്രയും പെട്ടെന്ന് നടപടിയെടുക്കണം' -ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇസ്രായേലുമായുള്ള സംഘർഷം യുദ്ധഭീതിയിലേക്ക് നീങ്ങവെ, ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു കരാറുണ്ടാക്കാൻ ഇറാന് താൻ ഒന്നിനു പിറകെ ഒന്നായി നിരവധി അവസരങ്ങൾ നൽകിയെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കരാറിലൊപ്പു വെക്കണമെന്ന് ഏറ്റവും ശക്തമായി തന്നെ അവരോട് പറഞ്ഞു. എന്നാൽ എത്ര ശ്രമിച്ചിട്ടും കരാർ അടുത്തെത്തിയിട്ടും അവർക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച ഇറാനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനും യു.എസും തമ്മിൽ ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് തൊട്ടുമുമ്പായിരുന്നു ആക്രമണം.

''ഇറാൻ ആണവ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ മരണവും നാശനഷ്ടങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഒരു കൂട്ടക്കൊല നടക്കാനും സമയമുണ്ട്. കൂടുതൽ വലിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.''-എന്ന് പറഞ്ഞുകൊണ്ട് സമാധാനത്തിനുള്ള അഭ്യർഥനയോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിൽ പങ്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇസ്രായേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

തലസ്ഥാന നഗരമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കുട്ടികൾ ഉൾപ്പെടെ മരിച്ചതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Trump warns Iran to act quickly urges end to violence amid Israel conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.