വാഷിങ്ടൺ : ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും നയതന്ത്ര ചർച്ചകൾക്ക് വഴങ്ങുന്നില്ലെങ്കിൽ രാജ്യത്തെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിൽ ഫ്രാൻസ്, യുകെ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തത് കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
സമാധാന ചർച്ചകളുടെ രണ്ടാം വട്ടത്തിനായി യുഎസ് പ്രതിനിധി സംഘം നാളെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്താനിരിക്കെയാണ് ട്രംപിന്റെ ഭീഷണി. "ഇറാൻ ഉന്നയിക്കുന്ന ഭീഷണികൾ അവർക്ക് തന്നെ തിരിച്ചടിയാകുകയാണ്. ഹോർമുസ് അടച്ചതിലൂടെ പ്രതിദിനം 500 മില്യൺ ഡോളറാണ് ഇറാന് നഷ്ടപ്പെടുന്നത്. എന്നാൽ അമേരിക്കയെ ഇത് ബാധിക്കില്ല. കപ്പലുകൾ ഇപ്പോൾ ചരക്ക് നീക്കത്തിന് ടെക്സസ്, ലൂസിയാന തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്," ട്രംപ് കുറിച്ചു.
ഇറാന് മുന്നിൽ യുക്തിസഹമായ ഒരു കരാർ അമേരിക്ക വെച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 47 വർഷമായി മുൻ പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച കാര്യമാണിത്. ഇറാന്റെ 'കൊലപാതക യന്ത്രം' അവസാനിപ്പിക്കാൻ വൈകില്ലെന്നും ഇനി സൗമ്യതയുണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവന രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.