വാഷിങ്ടൺ: മുൻ റഷ്യൻ പ്രസിഡന്റ് ദ്മിത്രി മെദ്വേദെവിന്റെ അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവന പരിഗണിച്ച് രണ്ട് യു.എസ് ആണവ അന്തർവാഹിനികളുടെ സ്ഥാനം മാറ്റാൻ താൻ ഉത്തരവിടുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ‘വാക്കുകൾ വളരെ പ്രധാനമാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാകാം. അത്തരമൊരു സാഹചര്യത്തിലേക്ക് ഈ കാര്യങ്ങൾ മാറില്ലെന്നാണ് പ്രതീക്ഷ’ - ട്രംപ് തുടർന്നു.
യു.എസ് ആണവ അന്തർവാഹിനികൾ പല കടലുകളിലായി പട്രോളിങ് നടത്തുന്നത് പതിവാണെങ്കിലും വാഷിങ്ടൺ-മോസ്കോ ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിൽ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. നേരത്തേ, ട്രംപിന്റെ ഭീഷണി സ്വരത്തിലുള്ള പ്രസ്താവനകൾക്കെതിരെ മെദ്വേദെവ് ശക്തമായി രംഗത്തുവന്നതിന് പിന്നാലെയാണ് ട്രംപ് കടുപ്പിച്ച പോസ്റ്റിട്ടത്.
ട്രംപ് റഷ്യക്ക് അന്ത്യശാസനം നൽകും മുമ്പ്, റഷ്യ എന്നത് ഇസ്രായേലോ ഇറാനോ അല്ലെന്ന കാര്യം ഓർക്കണമെന്നും ഓരോ അന്ത്യശാസനവും ട്രംപ് തന്റെതന്നെ രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും മെദ്വേദെവ് പറയുകയുണ്ടായി. 2008 മുതൽ 2012വരെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വേദെവ്.
അതിനിടെ, യു.എസ് പ്രസിഡന്റ് വിന്യസിക്കുന്ന രണ്ട് ആണവ അന്തർവാഹിനികളെ പ്രതിരോധിക്കാൻ വേണ്ടുവോളം ആണവ അന്തർവാഹിനികൾ തങ്ങളുടെ പക്കലുണ്ടെന്ന് മുതിർന്ന റഷ്യൻ പാർലമെന്റ് അംഗം വിക്തർ വൊഡോലാട്സ്കി പറഞ്ഞു.
അമേരിക്കയുടെ പക്കലുള്ളതിനെക്കാൾ അന്തർവാഹിനികൾ റഷ്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിയവ്: റഷ്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 112 യുക്രെയ്ൻ ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയും റഷ്യയുടെ 45 ഡ്രോണുകൾ വെടിവെച്ചിട്ടതായി യുക്രെയ്നും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.