റാം ഇമ്മാനുവൽ, ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ ഉലച്ചിലിൽ ട്രംപിന് രൂക്ഷ വിമർശനവുമായി മുൻ യു.എസ് നയതന്ത്രജ്ഞൻ. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള യു.എസിന്റെ 40 വർഷത്തെ പരിശ്രമങ്ങളെ അഹംഭാവം കൊണ്ടും പാകിസ്താനിൽ നിന്ന് ലഭിക്കുന്ന ചില്ലറവരുമാനത്തിനായും ട്രംപ് നശിപ്പിച്ചെന്ന് ജപ്പാനിലെ മുൻ യു.എസ് നയതന്ത്രജ്ഞൻ റാം ഇമ്മാനുവൽ പറഞ്ഞു.
ഇന്ത്യ, ചൈനക്കെതിരെ യു.എസിന് നിർണായക നയതന്ത്ര പങ്കാളിയാവുമായിരുന്നു. അതെല്ലാം ട്രംപ് നശിപ്പിച്ചുകളഞ്ഞു. ട്രംപിന്റേത് നയതന്ത്ര വങ്കത്തരമാണെന്നും ഇമ്മാനുവൽ കൂട്ടിച്ചേർത്തു.
അമേരിക്കൻ മാധ്യമസ്ഥാപനമായ മെയ്ഡാസ് ടച്ച് നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ യു.എസ് പ്രസിഡന്റ് ബാരക് ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായിരുന്ന ഇമ്മാനുവലിന്റെ പരാമർശം.
‘ഉത്പാദന രംഗത്തും സാങ്കേതിക വിദ്യയിലും മാത്രമല്ല സൈനിക രംഗത്തും ഇന്ത്യ, ചൈനക്കെതിരെ അമേരിക്കയുടെ നിർണായ പങ്കാളിയാവുമായിരുന്നു. ഇന്ത്യയുമായി ഊഷ്മളമായ ബന്ധമുണ്ടാക്കാൻ 40 വർഷത്തോളമായി നടത്തിവന്നിരുന്ന ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് യു.എസ് പ്രസിഡന്റ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. പാകിസ്‍താനുമായി ചേർന്ന് നടപ്പാക്കിയ വെടിനിർത്തലിൽ ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണെന്ന് മോദി പറയാതിരുന്നതിനാണ് ഇതെല്ലാം ചെയ്തത്,’- ഓപറേഷൻ സിന്ദൂർ പരാർശിച്ചുകൊണ്ട് ഇമ്മാവനുവൽ പറഞ്ഞു.
അഹംഭാവത്തിനൊപ്പം തന്റെ മകനും, സഹായിയായ സ്റ്റീവ് വിറ്റ്കോഫിനും പാകിസ്താനിൽ നിന്ന് കിട്ടുന്ന സാമ്പത്തിക നേട്ടം മുന്നിൽ കണ്ടാണ് ഇന്ത്യയുമായുള്ള ബന്ധത്തെ ട്രംപ് തെറ്റായി കൈകാര്യം ചെയ്തത്. ഈ നിർണായക നയതന്ത്ര വങ്കത്തരം ചൈന സമർഥമായി ഉപയോഗിച്ചുവെന്നും ഇമ്മാനുവൽ പറഞ്ഞു.
യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ക്രിപ്റ്റോ കറൻസി സ്ഥാപനവും പാകിസ്താൻ ക്രിപ്റ്റോ കറൻസി കൗൺസിലുമായുള്ള ഇടപാടുകൾ ചൂണ്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സ്റ്റീവ് വിറ്റ്കോഫിന്റെ മകൻ സക്കറി വിറ്റ്കോഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ട്രംപിന്റെ മക്കളായ എറിക്, ഡോണൾഡ് ജൂനിയർ, പേരമകനായ ജറെഡ് കുഷ്നർ എന്നിവർ സംയുക്തമായി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്. ഏപ്രിലിലാണ് പാകിസ്താൻ ക്രിപ്റ്റോ കൗൺസിലുമായി കമ്പനി ധാരണപത്രം ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.