ന്യൂയോർക് /ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ജി-20 ഉച്ചകോടി നടത്തുന്നത് ലജ്ജാവഹമാണെന്നും അവിടത്തെ ന്യൂനപക്ഷ സമൂഹമായ ‘ആഫ്രിക്കനേഴ്സി’നോടുള്ള (നൂറ്റാണ്ടുകൾ മുമ്പ് ദക്ഷിണാഫ്രിക്കയിലെത്തിയ വെള്ളക്കാരുടെ പിന്മുറക്കാർ) മനുഷ്യാവകാശ ലംഘനം തുടരുന്ന കാലത്തോളം ഒരു അമേരിക്കൻ പ്രതിനിധിയും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഈ മാസം നടക്കുന്ന ഉച്ചകോടിക്ക് താൻ ഉണ്ടാകില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പുതന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കനേഴ്സിനെ ദക്ഷിണാഫ്രിക്കയിൽ കൊലപ്പെടുത്തുകയും അവരുടെ ഭൂമി അനധികൃതമായി തട്ടിയെടുക്കുകയും ചെയ്യുന്നതായി ട്രംപ് സമൂഹ മാധ്യമത്തിൽ പറഞ്ഞു. അടുത്തവർഷം മയാമിയിൽ ജി-20 ഉച്ചകോടി നടക്കുമ്പോൾ കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്ന് പരിഹസിച്ച് കോൺഗ്രസ്.
ഒക്ടോബറിൽ ക്വലാലംപൂരിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപിനെ കാണുന്നത് ഒഴിവാക്കാനാണ് നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ട്രംപിൽ നിന്ന് അപമാനം നേരിടാനാകാത്തതുകൊണ്ടാണ് മോദി പോകാത്തതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവംബർ 22,23 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചത്.
‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനാൽ, സ്വയം പ്രഖ്യാപിത വിശ്വഗുരു സ്വയം പങ്കെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.