ചർച്ചക്ക് തയ്യാറെങ്കിൽ ഇറാന് വിളിക്കാം; ഫോൺ കൈയ്യിലുണ്ടല്ലോ എന്ന് ട്രംപ്


വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ചർച്ചകൾക്ക് വഴിതുറന്നിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ അമേരിക്കയെ സമീപിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിലെ ‘ദി സൺഡേ ബ്രീഫിങിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

‘അവർക്ക് (ഇറാന്) സംസാരിക്കണമെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ വിളിക്കാം. നിങ്ങൾക്ക് അറിയാമല്ലോ, അവിടെ ഒരു ടെലിഫോൺ ഉണ്ട്. ഞങ്ങൾക്ക് വളരെ നല്ലതും സുരക്ഷിതവുമായ വാർത്താവിനിമയ ലൈനുകൾ ലഭ്യമാണ്’ -ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിക്കുമെന്നും അമേരിക്ക ഇതിൽ വലിയ വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ സന്ദർശനത്തിന് ശേഷം പാകിസ്താനിനിലേക്ക് മടങ്ങിയതായും സമാധാന ശ്രമങ്ങൾക്കായി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളുമായാണ് അദ്ദേഹം എത്തുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച പാകിസ്താനിൽനിന്ന് മടങ്ങിയ അരാക്ചിയും സംഘവും രണ്ടാംഘട്ട ചർച്ചകൾക്കായാണ് വീണ്ടും ഒത്തുചേരുന്നത്.

ഇറാൻ സംഘത്തിലെ ചില പ്രതിനിധികൾ കഴിഞ്ഞ ദിവസം തെഹ്‌റാനിലേക്ക് മടങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നത നേതാക്കളുമായി ചർച്ച നടത്താനും ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായിരുന്നു ഈ സന്ദർശനം. ഇവരും ഞായറാഴ്ച രാത്രിയോടെ അരാക്ചിക്കൊപ്പം പാകിസ്താനിലെത്തും. ഇസ്‌ലാമാബാദിൽ നിന്ന് ഒമാനിലെത്തിയ അരാക്ചി അവിടെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, യു.എസ് സമാധാന ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ പാക്കിസ്താൻ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം റദ്ദാക്കയിരുന്നു. ഇറാന്റെ ചർച്ചാ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ട്രംപിന്റെ ഈ നീക്കം. എന്നാൽ, ട്രംപ് യാത്ര റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ഇറാൻ കൂടുതൽ മെച്ചപ്പെട്ട സമാധാന നിർദ്ദേശങ്ങൾ സമർപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags:    
News Summary - Trump says Iran can call the US if it wants to negotiate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.