വാഷിങ്ടൺ: സൗദി അറേബ്യക്ക് എഫ് -35 യുദ്ധ വിമാനങ്ങൾ കൈമാറുമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ളിക്കൻ അംഗങ്ങളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ഇടപാടുമായി മുന്നോട്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യു.എസ് സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനമെത്തുന്നത്. ഏഴുവർഷത്തിനിടെ ആദ്യമായാണ് സൗദി കിരീടാവകാശി യു.എസ് സന്ദർശിക്കുന്നത്. സൗദിക്കുള്ള ആദരവായി സന്ദർശനം മാറുമെന്ന് സൂചിപ്പിച്ച് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക.
ഇതിനിടെ, തിങ്കളാഴ്ചയാണ് സൗദിക്ക് എഫ്-13 കൈമാറാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഇതടക്കം സുപ്രധാന ഇടപാടുകൾ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും അന്തിമമാക്കുമെന്നാണ് വിവരം. നേരത്തെ, സൗദിക്ക് നിർണായക യുദ്ധവിമാനം കൈമാറുന്നത് സാങ്കേതിക വിദ്യ ചൈനക്ക് ചോർന്നുകിട്ടാൻ കാരണമാവുമെന്ന ആശങ്കയുമായി ചില റിപ്പബ്ളിക്കൻ നേതാക്കളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
അതേസമയം, യു.എസ് എ.ഐ വ്യവസായത്തിൽ സൗദി വൻ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. ആണവോർജ്ജ മേഖലയിലും ഉഭയകക്ഷി കരാറുകൾ ചർച്ചയാവുമെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് ഡോണൾഡ് ട്രംപ്, സൗദിയടക്കം ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ വൻകിട കരാറുകളടക്കം നിരവധി പദ്ധതികൾക്കാണ് വഴിയൊരുങ്ങിയത്. അന്ന് സൗദി കിരീടാവകാശിയുടെ മുന്നിൽ വെച്ച് സിറിയക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുന്നത് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.