ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യ-പാകിസ്താൻ യുദ്ധം ഉൾപ്പടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് തനിക്ക് സമാധാന നൊബേൽ നൽകണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുമ്പ് നടത്തിയ ഒരു സംഭാഷണം ഓർമിച്ചെടുത്താണ് ട്രംപിന്റെ പ്രസ്താവന. മുമ്പൊരിക്കൽ താൻ നടത്തിയ സംഭാഷണത്തിനിടെ യുക്രെയ്ൻ-റഷ്യ യുദ്ധവും കൂടി അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക് നൊബേൽ സമ്മാനം ലഭിക്കുമെന്ന് ഒരാൾ പറഞ്ഞു. അത്തരമൊരു അഭിപ്രായപ്രകടനമൊരാൾ നടത്തിയപ്പോൾ താൻ അവസാനിപ്പിച്ച ഏഴ് യുദ്ധങ്ങളെ ചോദിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്താൻ യുദ്ധം താനാണ് അവസാനിപ്പിച്ചതെന്ന വാദം യു.എസ് പ്രസിഡന്റ് ആവർത്തിച്ചു. ലോകവേദിയിൽ അമേരിക്കക്ക് ഇതുപോലെ ബഹുമാനം ലഭിച്ചൊരു കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ സമാധാനകരാറുകളുണ്ടാക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധവും തായ്‍ലാൻഡും കംബോഡിയയും തമ്മിലുള്ള പോരാട്ടവും അവസാനിപ്പിച്ചത് യു.എസ് ആണെന്നും ട്രംപ് പറഞ്ഞു.
അർമേനിയ-അസർബൈജാൻ, കോസാവോ-സെർബിയ, ഇസ്രായേൽ-ഇറാൻ, ഈജിപ്ത്-എത്യോപ, റവാണ്ട-കോംഗോ യുദ്ധങ്ങളും അവസാനിപ്പിച്ചത് നമ്മളാണ്. ഇന്ത്യ-പാകിസ്താൻ യുദ്ധം ഉൾപ്പടെ അവസാനിപ്പിച്ചത് വ്യാപാരത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയായിരുന്നു. ആണവായുധങ്ങളുമായി യുദ്ധം ചെയ്യുകയാണെങ്കിൽ നിങ്ങളുമായി ഒരു വ്യാപാരവും ഉണ്ടാവില്ലെന്ന് താൻ ഇന്ത്യക്കും പാകിസ്താനും മുന്നറിയിപ്പ് നൽകി അതോടെയാണ് ആ യുദ്ധം അവസാനിച്ചതെന്നും ട്രംപ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലും ട്രംപ് നിലപാട് ആവർത്തിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധം നിർത്തുന്നതിനു ശ്രമിച്ചു, പക്ഷേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിരാശപ്പെടുത്തി. എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കത്തിൽ വെടിനിർത്തൽ സാധ്യമായി, ഇരു രാജ്യങ്ങളും സംഘർഷം നിർത്തിയില്ലെങ്കിൽ യുഎസുമായുള്ള അവരുടെ വ്യാപാരം ഉലയുമെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും സ്റ്റാർമറുമായുള്ള വാർത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.