വാഷിങ്ടൺ: സൊമാലിയൻ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അവർ വന്നിടത്തേക്ക് തിരികെ പോകണം. അവരുടെ രാജ്യം ഒരു കാരണവശാലും നല്ലതല്ല,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാൽ, അവർ നമ്മുടെ രാജ്യത്ത് കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,’ ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ആവർത്തിച്ചു. ‘മാലിന്യങ്ങൾ സ്വീകരിക്കുന്നത് തുടർന്നാൽ യു.എസിന് വഴിതെറ്റും,’ ട്രംപ് കൂട്ടിച്ചേർത്തു.
നിയമവിരുദ്ധ സൊമാലിയൻ കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താൻ ലക്ഷ്യമിട്ട് ഇമിഗ്രേഷൻ വകുപ്പ് മിനസോട്ട സ്റ്റേറ്റിൽ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, ട്രംപിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവ അവഗണിക്കുന്നുവെന്നും സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ പറഞ്ഞു.
ഇമിഗ്രേഷൻ വകുപ്പിന്റെ നിർദിഷ്ട നടപടികൾ സൊമാലിയൻ വംശജരായ അമേരിക്കൻ പൗരൻമാരെ പോലും പുറത്താക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന് മിനിസോട്ടയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന മിനിയപോളിസിലും സെന്റ് പോളിലുമായാണ് അമേരിക്കയിലെ സൊമാലിയൻ വംശജരിൽ ഭൂരിഭാഗവും കഴിയുന്നത്.
സൊമാലിക്കാർക്ക് നൽകുന്ന നിയമപരമായ താത്കാലിക സംരക്ഷിതപദവി റദ്ദാക്കാനാണ് ട്രംപ് സർക്കാറിന്റെ നീക്കം. യു.എസിന്റെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഗുണം വലിയതോതിൽ കൈപ്പറ്റുന്ന സൊമാലിയൻ വംശജർ അമേരിക്കക്കായി കാര്യമായൊന്നും സംഭാവനചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.
1990-കളിലാണ് സൊമാലിയയിൽനിന്ന് യു.എസിലേക്ക് അഭയാർഥി പ്രവാഹമാരംഭിച്ചത്. അമേരിക്കയുടെ വിവിധ നഗരങ്ങളിലായി 80,000 സൊമാലിയക്കാർ കഴിയുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ
ഏതാനും ദിവസംമുൻപ് വൈറ്റ്ഹൗസിനുസമീപം രണ്ട് നാഷണൽ ഗാർഡുകൾക്കുനേരേ വെടിവെപ്പുണ്ടായതിനെത്തുടർന്ന് അഭയാർഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച എല്ലാ നടപടികളും നിർത്തിവെക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
‘ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്നമല്ല. അവരെ ഈ രാജ്യത്ത് ഞാൻ ആഗ്രഹിക്കുന്നില്ല. സൊമാലിയ, പേരിന് മാത്രമൊരു രാജ്യമാണ്, അവരിങ്ങനെ ചുറ്റിക്കറങ്ങുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു.’ ട്രംപ് പറഞ്ഞു.
കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൊമാലിയൻ വംശജയായ ഇലാൻ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമർശനമുന്നയിച്ചു. ‘ഞാൻ എപ്പോഴും അവരെ ശ്രദ്ധിക്കാറുണ്ട്. ഒമർ എല്ലാവരെയും വെറുക്കുന്നു, അവർക്ക് വലിയ കഴിവില്ലെന്നാണ് ഞാൻ കരുതുന്നത്,’ ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന് തന്നോടുള്ള അഭിനിവേശം ഭയപ്പെടുത്തുന്നതാണെന്ന് ഇലാൻ ഒമർ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. ആവശ്യമായ സഹായം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് ഒമർ കുറിച്ചു. ‘പ്രസിഡന്റിന് വിദഗ്ദമായി ചെയ്യാനറിയുന്ന കാര്യം വഴിതിരിച്ചുവിടലാണ്. തന്റെ മിക്കവാറും എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്ന വസ്തുത മറച്ചുവെക്കാൻ ഇപ്പോൾ സൊമാലി അമേരിക്കൻ സമൂഹത്തെ ആക്രമിക്കുകയാണ്. എന്നാൽ ഞങ്ങൾ പ്രതിരോധിക്കാൻ കരുത്തുള്ളവരാണ്. പ്രസിഡന്റിന്റെ വെറുപ്പുളവാക്കുന്ന പരാമർശങ്ങൾക്കിടയിലും ഞങ്ങൾ മുന്നോട്ടുപോകും,’ -മറ്റൊരു കുറിപ്പിൽ ഇലാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.