‘ഇതുകൊണ്ട് അവസാനിപ്പിക്കില്ല’; ഇന്ത്യക്കുമേൽ 50% താരിഫ് ഏർപ്പെടുത്തിയത് റഷ്യക്ക് വൻ തിരിച്ചടിയെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കുമേൽ അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത് റഷ്യൻ സമ്പദ്‌വ്യവസ്ഥക്ക് വൻ തിരിച്ചടിയാകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര സമ്മർദങ്ങളും യു.എസ് ഉപരോധവുമുൾപ്പെടെ നിലനിൽക്കുന്നതിനാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ട്രംപ് പറഞ്ഞു.

“റഷ്യ വലിയൊരു രാജ്യമാണ്. രാഷ്ട്ര നിർമാണത്തിലേക്ക് അവർ തിരികെ വരേണ്ടിയിരിക്കുന്നു. വലിയ മാറ്റം കൊണ്ടുവരാനുള്ള ശേഷി അവർക്കുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. റഷ്യൻ ഓയിൽ വാങ്ങിയാൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് പങ്കാളിയോട് പറഞ്ഞിട്ടുണ്ട്. അത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ഇതുകൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല” -ട്രംപ് പറഞ്ഞു. എന്നാൽ താൻ സ്വീകരിക്കാൻ പോകുന്ന തുടർ നടപടികൾ വ്യക്തമാക്കാൻ യു.എസ് പ്രസിഡന്‍റ് തയാറായില്ല. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ‍്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് യു.എസ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഈമാസം ഏഴിന് നിലവിൽവന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ 27നാണ് നിലവിൽ വരുക. ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള അഞ്ചുവട്ട ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. തുടർ ചർച്ചകൾക്കായി അമേരിക്കൻ സംഘം 25ന് ഇന്ത്യയിൽ എത്തും.

Tags:    
News Summary - Trump Says 50 per cent Tariff On India Over Russian Oil A "Big Blow" To Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.