ഹിന്ദു സംഘടനയുടെ സന്ദർശന വേളയിൽ വനിതാ ജീവനക്കാരെ മാറ്റി നിർത്തിയ സംഭവം: ഈഫൽ ടവർ മേധാവി പടിയിറങ്ങുന്നു
പാരീസ്: ഈഫൽ ടവർ നടത്തിപ്പ് കമ്പനിയായ എസ്.ടി.ഇ ഡയറക്ടർ ജനറൽ പാട്രിക് ബ്രാങ്കോ റൂവിവോ വർഷാവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു. 2018 മുതൽ എസ്.ടി.ഇയുടെ തലവനാണ് റൂവിവോ. ബോചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സംഘടനയുമായി ബന്ധപ്പെട്ട ഒരു സംഘം ഈഫൽ ടവർ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തെത്തുടർന്നാണ് റൂവിവോയുടെ രാജി. സന്ദർശന വേളയിൽ വനിതാ ജീവനക്കാരെ ഒഴിവാക്കിയതിൽ വീഴ്ച അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്.ടി.ഇ വ്യക്തമാക്കി.
പാരീസിനടുത്തുള്ള പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 5നാണ് ബി.എ.പി.എസുമായി ബന്ധപ്പെട്ട നൂറിലധികം പേർ ഈഫൽ ടവർ സന്ദർശിച്ചത്. സംഘം ടവറിലൂടെ കടന്നുപോയപ്പോൾ വനിതാ ജീവനക്കാരോട് അവരുടെ വർക്ക് സ്റ്റേഷനുകൾ വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീകളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിയതായും പ്രതിനിധി സംഘം ഉള്ളപ്പോൾ വനിതാ ജീവനക്കാർ ടവറിന്റെ ചില ഭാഗങ്ങളിലൂടെ പോകരുതെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കി. നടപടിയിൽ തർക്കം രൂക്ഷമാവുകയും സെപ്റ്റംബർ 7ന് ജീവനക്കാരുടെ പ്രതിഷേധത്തിൽ കലാശിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ ഈഫൽ ടവർ താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. സംഭവത്തിൽ മാനേജ്മെന്റ് ജീവനക്കാരോട് മാപ്പ് പറഞ്ഞു.
സന്ദർശകർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ് പ്രവർത്തന സമയം ആരംഭിച്ച ഉടൻ തന്നെ ഈഫൽ ടവർ സന്ദർശനം ക്രമീകരിച്ചതെന്നാണ് സംഘടനയുടെ വാദം. അതേസമയം, സ്ത്രീകളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്താൻ പ്രതിനിധി സംഘം ക്രമീകരണങ്ങൾ ആവശ്യപ്പെട്ടിരുന്നതായി എസ്.ടി.ഇ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.