ഫാത്തിമ അസ്സഹ്‌റ അൽ മൻസൂരി
ചരിത്രത്തിലാദ്യമായി മൊറോക്കോയിൽ വനിത പ്രധാനമന്ത്രിയെ നിയമിച്ച് രാജാവ് ; പുതിയ ഭരണകൂടത്തിന് നേതൃത്വം നൽകാൻ ഫാത്തിമ അസ്സഹ്‌റ
റബാത്ത്: മൊറോക്കോയുടെ പുതിയ പ്രധാനമന്ത്രിയായി ഫാത്തിമ അസ്സഹ്‌റ അൽ മൻസൂരിയെ രാജാവ് മുഹമ്മദ് ആറാമൻ നിയമിച്ചു. മൊറോക്കോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. കൂടാതെ അറബ് ലോകത്ത് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് അമ്പതുകാരിയായ ഫാത്തിമ അസ്സഹ്‌റ. നഗരവികസന മന്ത്രിയും മറക്കെഷ് നഗരത്തിന്റെ മേയറുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
തന്റെ നിയമനം ചരിത്രപരമാണെന്നും ഇത് തനിക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും അഭിമാനകരമായ നിമിഷമാണെന്നും അൽ മൻസൂരി ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാത്തിമയുടെ നേതൃത്വത്തിലുള്ള 'ഒതെന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി' മൊറോക്കോയുടെ പ്രതിനിധി സഭയിൽ ആകെയുള്ള 395 സീറ്റുകളിൽ 97 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെയാണ് ഈ നിയമനം.
ഭൂരിപക്ഷത്തിന് ആവശ്യമായ 198 സീറ്റുകൾ ലഭിക്കാത്തതിനാൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ മറ്റ് കക്ഷികളുടെ പിന്തുണയോടെ സഖ്യം ഉണ്ടാക്കേണ്ടതുണ്ട്. സഖ്യസർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകളാണ് അവരുടെ ആദ്യ ദൗത്യം. പോർച്ചുഗൽ, സ്പെയിൻ എന്നിവരുമായി ചേർന്ന് 2030ൽ മൊറോക്കോ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനായുള്ള കോടികളുടെ നിക്ഷേപങ്ങളും പദ്ധതികളും കൈകാര്യം ചെയ്യുന്നത് ഈ പുതിയ ഭരണകൂടമായിരിക്കും.
1976ൽ മറൊക്കയിൽ ജനിച്ച ഫാത്തിമ അസ്സഹ്‌റ, ഫ്രാൻസിലെ മോണ്ട്പെല്ലിയർ സർവകലാശാലയിലും യു.എസിലെ ന്യൂയോർക്ക് സർവകലാശാലയിലുമായാണ് നിയമപഠനം പൂർത്തിയാക്കിയത്. 2009ൽ മറൊക്കയുടെ ആദ്യ വനിതാ മേയറായി തെരഞ്ഞെടുക്കപ്പെട്ട അവർ, 2021ൽ രാജ്യത്തിന്റെ ഭവന നിർമ്മാണ-നഗരവികസന മന്ത്രിയായും ചുമതലയേറ്റിരുന്നു. അൽ ഹൗസ് ഭൂകമ്പത്തിൽ ദുരിതമനുഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള നിർണായക ചുമതലകൾ അവർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. 2021 ഒക്ടോബറിൽ തുനീഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജ്‌ല ബൂദന് ശേഷം, അറബ് ലോകത്ത് ഈ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് അൽ മൻസൂരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.