റഷ്യൻ ആണവ ഇന്ധനവുമായി പോയ വിമാനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചു; ബംഗ്ലാദേശിലേക്കുള്ള യുറേനിയം വരവ് വൈകി

ന്യൂഡൽഹി: ബംഗ്ലാദേശിലെ രൂപ്പൂർ ആണവനിലയത്തിലേക്കുള്ള ആണവ ഇന്ധനവുമായി റഷ്യയിൽനിന്ന് പുറപ്പെട്ട കാർഗോ വിമാനത്തിന് പാകിസ്താൻ വ്യോമപാത അനുമതി നിഷേധിച്ചതോടെ യുറേനിയം എത്തുന്നത് വൈകി. രൂപ്പൂർ ആണവനിലയത്തിലെ രണ്ടാം യൂണിറ്റിനായി എത്തിക്കേണ്ട ആണവ ഇന്ധനമാണ് സമയത്ത് എത്തിക്കാനാകാതെ പോയത്.

സെപ്റ്റംബർ 24നായിരുന്നു ആണവ ഇന്ധനം ബംഗ്ലാദേശിലെത്തേണ്ടിയിരുന്നത്. എന്നാൽ പാകിസ്താന്റെ വ്യോമപാതയിലൂടെ പറക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനത്തിന് യാത്ര തുടരാനായില്ല. പുതിയതായി ഒക്ടോബർ ആദ്യവാരം ഇന്ധനം എത്തിക്കാനുള്ള തീയതി റഷ്യ നിർദേശിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

വിമാനം എത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും വിമാനത്താവളത്തിൽ പൂർത്തിയാക്കിയിരുന്നുവെന്ന് ബംഗ്ലാദേശ് ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് തൗഹിദുൽ ഇസ്ലാം പറഞ്ഞു. എന്നാൽ പിന്നീട് റോസാറ്റോമിന്റെ ലയസൺ ഉദ്യോഗസ്ഥൻ പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ചരക്ക് അയക്കാൻ കഴിയാതെ വന്നെന്നും യാത്ര പുനഃക്രമീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വ്യോമപാത അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പാകിസ്താൻ വിശദീകരണം നൽകി. വിമാനത്തിന്റെ റൂട്ടും വ്യോമപാത അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതികവും നടപടിക്രമപരവുമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്ന് ധാക്കയിലെ പാകിസ്താൻ ഹൈകമീഷൻ അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട വ്യോമയാന അധികാരികൾ തമ്മിലുള്ള ഏകോപനം ആവശ്യമായി വരുന്നതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും ഹൈകമീഷൻ വ്യക്തമാക്കി.

സംഭവത്തെ പാകിസ്താൻ-ബംഗ്ലാദേശ് ബന്ധവുമായി ബന്ധിപ്പിക്കരുതെന്നും ഹൈകമീഷൻ വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് പാകിസ്താൻ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വിഷയത്തെ അതിന്റെ സാങ്കേതിക പശ്ചാത്തലത്തിൽ മാത്രം കാണണമെന്നും ഹൈകമീഷൻ പറഞ്ഞു.

ബംഗ്ലാദേശിലെ ആദ്യ ആണവ വൈദ്യുത നിലയമാണ് രൂപ്പൂർ ആണവനിലയം. റഷ്യൻ ഉടമസ്ഥതയിലുള്ള ആണവോർജ സ്ഥാപനമായ റോസാറ്റോമിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് VVER-1200 റിയാക്ടർ യൂണിറ്റുകളാണ് രൂപ്പൂർ പദ്ധതിയിലുള്ളത്. രണ്ട് യൂണിറ്റുകൾക്കും കൂടി 2,400 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയാണുള്ളത്. രണ്ടാം യൂണിറ്റിനാവശ്യമായ ആണവ ഇന്ധനത്തിന്റെ വരവാണ് നിലവിലെ വ്യോമപാത അനുമതി പ്രശ്നത്തെ തുടർന്ന് വൈകിയത്.

Tags:    
News Summary - Pakistan denies airspace to a flight carrying Russian nuclear fuel; uranium shipment to Bangladesh delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.