സമവായ നീക്കം സജീവം; ഹുർമുസ് തുറക്കുന്നതിൽ ചർച്ച, കടമ്പകൾ ഏറെ
കൈറോ: എട്ടാം മാസത്തിലേക്ക് കടന്ന യു.എസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ട് മധ്യസ്ഥർ ഇരുരാജ്യങ്ങളുമായും ചർച്ച തുടരുന്നു. എന്നാൽ, കരാറിലെത്താൻ നിർണായക വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇപ്പോഴും രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. ആഗോള സമ്പദ്‍വ്യവസ്ഥക്ക് കനത്ത ആഘാതമേൽപിക്കുകയും ഇറാനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയും ചെയ്ത സംഘർഷത്തിനിടെയാണ് പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപാതകളിലൊന്നായ ഹുർമുസിലൂടെ സുരക്ഷിത കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ നേരത്തേ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
യു.എസ് ഉപരോധത്തിലുള്ള ഇറാനിയൻ തുറമുഖങ്ങൾ തുറക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, ഇറാനിയൻ എണ്ണ വിൽപനക്കുള്ള ഉപരോധത്തിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരാഴ്ചക്കകം ഹുർമുസ് തുറക്കാമെന്നായിരുന്നു തെഹ്റാന്റെ നിർദേശം. ഈ നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം തള്ളിയെങ്കിലും, പിന്നാമ്പുറ നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച യു.എൻ പൊതുസഭയിൽ പങ്കെടുത്ത ശേഷം ന്യൂയോർക്കിൽ തുടരുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അറിയിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന് സൈനികേതര പരിഹാരം സാധ്യമാണെങ്കിൽ അതിനുള്ള ശ്രമങ്ങൾക്ക് ട്രംപ് തയാറാണെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുരോഗതിയുണ്ടാകാതെ തെഹ്റാനുമായി അന്തിമ കരാറിലെത്തില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ചർച്ചയിലുള്ള നിർദേശപ്രകാരം ആദ്യഘട്ടത്തിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഇറാനെതിരായ യു.എസ് നാവിക ഉപരോധം പിൻവലിക്കുകയും തുടർന്ന് ഉപരോധങ്ങൾ നീക്കുകയും ചെയ്യാനാണ് മധ്യസ്ഥരുടെ ശ്രമം.
ഹുർമുസിന്റെ മറുകരയിലുള്ള ഒമാനുമായി ഇറാൻ ചർച്ച ചെയ്യുന്ന പ്രത്യേക ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കടലിടുക്ക് തുറക്കുക. കപ്പലുകളിൽനിന്ന് ടോൾ ഈടാക്കില്ലെന്നും കരട് നിർദേശത്തിലുണ്ട്. യുദ്ധത്തിനുമുമ്പ് അന്താരാഷ്ട്ര ജലപാതയായി കണക്കാക്കിയിരുന്ന ഹുർമുസിലെ കപ്പൽഗതാഗതം താൽക്കാലികമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ആണവ വിഷയത്തിൽ ഇറാനിൽനിന്ന് കൂടുതൽ വിട്ടുവീഴ്ചകൾ യു.എസ് ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര പരിശോധന ഉദ്യോഗസ്ഥർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുന്നതും ഇതിൽ ഉൾപ്പെടുമെന്ന് മേഖലാ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചെങ്കിലും ദിവസങ്ങൾക്കകം തകർന്ന ധാരണപ്രകാരം ഇറാന്റെ ആണവ പദ്ധതി 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്യാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.