ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർണായക ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വാണിജ്യത്തെയും ബാധിക്കാത്ത രീതിയിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് പൂർണമായും തുറക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയിലെ യു.എസ് അംബാസഡറും ദക്ഷിണ-മധ്യേഷ്യയുടെ പ്രത്യേക പ്രതിനിധിയുമായ സെർജിയോ ഗോറാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രസിഡന്റ് ട്രംപിൽ നിന്ന് ഫോൺ കാൾ ലഭിക്കുകയും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് ഉപകാരപ്രദമായ ആശയവിനിമയം നടത്തുകയും ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിൽ പങ്കുവെച്ച സന്ദേശത്തിലൂടെ വ്യക്തമാക്കി. എത്രയും വേഗം സംഘർഷം ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യയുടെ പിന്തുണ അറിയിക്കുന്നു. ഹുർമുസ് കടലിടുക്ക് തുറന്നിടുന്നതിനെ സംബന്ധിച്ചും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനെ കുറിച്ചും ആശയവിനിമയം നടത്തിയെന്നും മോദി എക്സിൽ കുറിച്ചു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ കയറ്റി അയക്കുന്നതിൽ പ്രധാനപ്പെട്ട ജലപാതയാണ് ഹുർമുസ് കടലിടുക്ക്. അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജ വിപണിയെയും നേരിട്ട് ബാധിക്കുന്നതിനാൽ, ഈ പാതയിലൂടെയുള്ള ചരക്കുനീക്കം തടസ്സമില്ലാതെ തുടരേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
"പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഹുർമുസ് കടലിടുക്ക് തുറന്നു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചർച്ച ചെയ്തു," സെർജിയോ ഗോർ എക്സിൽ കുറിച്ചു.
നിലവിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതുകാരണം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ സുരക്ഷയെ ഇത് ദോഷകരമായി ബാധിച്ചേക്കാം. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.