വാഷിങ്ടണ്‍: ടെക് കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെ, കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും അവസാനിപ്പിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡയുടെ നീക്കത്തില്‍ യു.എസ് ടെക് കമ്പനികള്‍ക്ക് മൂന്ന് ബില്യൻ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിൽ വ്യാപാരം നടത്താൻ കാനഡക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
“ക്ഷീരോല്‍പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു” -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കയുമായ വ്യാപാരത്തിന് നല്‍കേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയു ഇന്ത്യയുമായുള്ള വ്യാപാരം സജീവമാക്കാൻ തയാറാകുന്നതിനിടെയാണ് അയൽ രാജ്യമായ കാനഡയുമായി യു.എസിന്‍റെ ബന്ധം വഷളാകുന്നത്. ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചതായും ഇന്ത്യയുമായി ഒരു വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.