കൂട്ടക്കുരുതിയിൽ ഇസ്രായേലിന് സഹായവുമായി ട്രംപ്; ബൈഡൻ തടഞ്ഞ ബോംബുകൾ വിട്ടുകൊടുക്കാൻ ഉത്തരവിട്ടു

വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടു​കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർത്ത ഗസ്സയിലെ റഫയിൽ ആക്രമണം നടത്തിയപ്പോൾ ഉയർന്ന കനത്ത പ്രതിഷേധത്തെ തുടർന്നാണ് ബൈഡൻ ഈ ബോംബുകളുടെ വിതരണം തടഞ്ഞത്. എന്നാൽ, ഇസ്രായേൽ ഓർഡർ ചെയ്ത് പണം നൽകിയിട്ടും ബൈഡൻ പലതും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇ​പ്പോൾ അവയെല്ലാം അതിന്റെ വഴിയിലേക്ക് നീങ്ങുകയാണെന്നും വിശദാംശങ്ങൾ വ്യക്തമാക്കാതെ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്തി’ൽ പറഞ്ഞു.

കടുത്ത ഇസ്രായേൽ പക്ഷപാതികളാണ് ബൈഡനും ട്രംപും. ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും ഇരുവരും ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് എടുത്തത്. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രായേലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസിലെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബൈഡൻ ഭരണകൂടം ചെവിക്കൊണ്ടിരുന്നില്ല. തുടർന്നാണ് 2000 പൗണ്ട് ബോംബുകളുടെ കൈമാറ്റം മാത്രം മരവിപ്പിച്ചത്. ഇതാണ് ഇപ്പോൾ ട്രംപ് നീക്കം ചെയ്തത്.

2023 ഒക്ടോബർ 7 ന് തുടങ്ങിയ ഗസ്സ ആക്രമണത്തിൽ ഇതുവരെ 47,000 ത്തിലധികം ആളുകളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും നശിപ്പിക്കുകയും ചെയ്തു.

അതിനിടെ, കഴിഞ്ഞ ആഴ്ച ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഭാഗമായി ബന്ദികളായ നാലു ഇസ്രായേലി വനിതാ സൈനികരെ ശനിയാഴ്ച ഹമാസ് വിട്ടയച്ചു. പകരം 200 ഫലസ്തീൻ തടവുകാരെ മണിക്കൂറുകൾക്കകം ഇസ്രായേലും മോചിപ്പിച്ചു. ഹമാസ് ബന്ദിയാക്കിയ വനിത അർബേൽ യെഹോദിനെ കൂടി വിട്ടയച്ചാൽ മാത്രമേ ആദ്യം മോചിപ്പിച്ച 70 ഫലസ്തീനികളെ ഗസ്സ മുനമ്പിലേക്കോ വെസ്റ്റ് ബാങ്കിലേക്കോ മടങ്ങാൻ അനുവദിക്കൂവെന്ന ഇസ്രായേൽ നിലപാട് ആശങ്കക്ക് ഇടയാക്കിയിരുന്നു.

എന്നാൽ, യെഹോദിനെ അടുത്തയാഴ്ച വിട്ടയക്കുമെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസിന്റെ മുതിർന്ന നേതാവ് പറഞ്ഞു. ഇത് നിസ്സാര വിഷയമാണെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മധ്യസ്ഥത വഹിച്ച ഈജിപ്തിന്റെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബന്ദികളെയും തടവുകാരെയും വിട്ടയക്കുന്നതിനാൽ ഗസ്സയിലും തെൽഅവീവിലും ശനിയാഴ്ച രാവിലെ തന്നെ വൻജനക്കൂട്ടം എത്തിയിരുന്നു. ആദ്യം 70 പേരെയും പിന്നീട് 130 പേരെയുമാണ് ഇസ്രായേൽ മോചിപ്പിച്ചത്. ബസുകളിലെത്തിയ ഇവരെ റാമല്ലയിൽ ജനക്കൂട്ടം ആഘോഷത്തോടെ വരവേറ്റു. ഇവരിൽ 120 പേർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.

സൈനികരായ കരീന അരീവ് (20), ഡാനിയെല്ല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബഗ് (19) എന്നിവരെയാണ് 15 മാസത്തിനു ശേഷം ഹമാസ് വിട്ടയച്ചത്. ഇവരെ ഗസ്സ നഗരത്തിലെ ഫലസ്തീൻ ചത്വരത്തിൽ ജനക്കൂട്ടത്തിന് മുന്നിൽ എത്തിച്ച് ഹമാസ് പ്രവർത്തകർ റെഡ്ക്രോസിന് കൈമാറി. കൈയുയർത്തി ചിരിച്ചാണ് ഇവർ റെഡ്ക്രോസിന്റെ വാഹനത്തിൽ കയറിയത്. ഇവർ പിന്നീട് ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ എത്തിയതിന്റെ വിഡിയോ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

Tags:    
News Summary - Trump ends Biden’s hold on sending 2,000-pound bombs to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.