അബുജ: നൈജീരിയയിലെ ലാഗോസിൽ ബസിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറു പേർ മരിച്ചു. 80ലേറെ പേർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന ബസ് ഇൻട്രാ സിറ്റി ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ലാഗോസ് സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി അറിയിച്ചു. ബസ് ഡ്രൈവർ ട്രെയിൻ സിഗ്നൽ ലംഘിച്ച് വാഹനമോടിച്ചതാണ് അപകടത്തിൽ എത്തിച്ചതെന്ന് പറയുന്നു.
പരിക്കേറ്റവരെല്ലാം ബസിൽ നിന്നുള്ളവരാണെന്നും ട്രെയിനിലുണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നും സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി സെക്രട്ടറി പറഞ്ഞു. ട്രാഫിക്ക് നിയന്ത്രണങ്ങൾ പാലിക്കാത്തതു മൂലം പല നൈജീരിയൻ നഗരങ്ങളിലും അപകടങ്ങൾ പതിവാണ്. ഗതാഗതക്കുരുക്കുകൾ ലാഗോസിലെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർ കുറവാണെന്നാണ് പരാതി. അപകട കാരണം അന്വേഷിക്കാൻ നൈജീരിയയുടെ സുരക്ഷാ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയതായി വ്യോമയാന മന്ത്രി ഹാദി സിരിക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.