ബുഡപെസ്റ്റ്: കാലാവസ്ഥ പ്രവചനം പിഴച്ചതിനെ തുടർന്ന് ഹംഗറിയിൽ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ വിദഗ്ധരെ പുറത്താക്കി. നാഷനൽ മീറ്ററോളിക്കൽ സർവീസ് മേധാവിയെയും ഡെപ്യൂട്ടിയെയും ആണ് സർക്കാർ പുറത്താക്കിയത്. കൊടുങ്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകിയതിനാൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന കരിമരുന്ന് പ്രയോഗം മാറ്റി വെച്ചിരുന്നു. ബുഡാപെസ്റ്റിൽ കൊടുങ്കാറ്റടിക്കുമെന്നായിരുന്നു കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എന്നാൽ അന്നേ ദിവസം കൊടുങ്കാറ്റ് പോയിട്ട് ചെറുകാറ്റ് പോലും വീശിയില്ല.
തുടർന്ന് ഹംഗറി സാങ്കേതിക മന്ത്രി ലസ്ലോ പൽകോവിക്സ് പ്രസിഡന്റ് കൊർണീല റാഡിക്സിനെയും ഡെപ്യൂട്ടി ഗുയ്‍ല ഹാർവത്തിനെയും പുറത്താക്കാൻ ഉത്തരവിട്ടു. ഒരു കാരണവശാലും ഇരുവരും ജോലിയിൽ തുടരാൻ അർഹരല്ലെന്നാണ് ഇരുവർക്കും നൽകിയ വിശദീകരണം.
ബുഡപെസ്റ്റിലെ ദാന്യൂബ് നദിയോടു ചേർന്നാണ് കരിമരുന്ന് പ്രയോഗം നടത്താൻ തീരുമാനിച്ചത്.ഇതിനായി ഏതാണ്ട് 40,000 ജോലിക്കാരെയും തയാറാക്കിയിരുന്നു. ഈഴാഴ്ച മറ്റൊരു ദിവസം കരിമരുന്ന് പ്രയോഗം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ വിഭാഗം തെറ്റായ അറിയിപ്പ് നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.