കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും ഡ്രൈവർക്ക് ടിപ്പർ ഓടിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് കാരണമായ ചവറ സ്വദേശി നിസാം ഒരു മാസം മുമ്പാണ് ഗൾഫിൽനിന്ന് തിരിച്ചെത്തിയത്. ഇയാൾക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള യോഗ്യതയോ ലൈസൻസോ ഇല്ലായിരുന്നു. 16 വർഷം പഴക്കമുള്ള ടിപ്പർ ലോറി നേരത്തെയും പലതവണ നിയമലംഘനങ്ങൾക്ക് പിടിയിലായിട്ടുണ്ട്. ഇത്തരം ഗൗരവകരമായ നിയമലംഘനങ്ങൾ നിലനിൽക്കെയാണ് വാഹനം നിരത്തിലിറങ്ങിയത്. കൂടാതെ, വാഹനത്തിന്റെ ജി.പി.എസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമുയർന്നു. കൃത്യസമയത്ത് പരിശോധനകൾ നടത്തി വാഹനം നിരത്തിലിറങ്ങുന്നത് തടയാൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ കുടവട്ടൂർ ലക്ഷ്മി കോട്ടേജ് ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർഥിപ്(15), അജയ കുമാർ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്കിടയിലേക്കാണ് ടിപ്പർ മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.