പാകിസ്താൻ ഷെല്ലാക്രമണം രൂക്ഷമായതിനെ തുടർന്ന് ജമ്മു-കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഉറി ജിൻഗാലിൽ നിന്ന് വീടൊഴിഞ്ഞുപോകുന്നവർ
ഗർഖാൽ (ജമ്മു-കശ്മീർ): പാകിസ്താൻ തൊടുത്തുവിട്ട ‘കാമികാസ്’ ഡ്രോണുകളെല്ലാം തടുത്തിട്ട് തങ്ങളെ കാക്കുന്ന ഇന്ത്യൻ സേനയെ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ച് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ. രാജ്യത്തെ പതിനഞ്ചോളം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാക് സേന നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ജമ്മു മേഖലയെ സംരക്ഷിച്ചത് ‘ടൈഗർ ഡിവിഷൻ’ എന്നറിയപ്പെടുന്ന, 26ാം ഇൻഫൻട്രി ഡിവിഷനിലെ 9 കോർപ്സിന്റെ കീഴിലാണ്.
കൃത്യതയിലും ആസൂത്രണമികവിലും അതിർത്തി ആകാശങ്ങളെ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംരക്ഷിക്കുകയായിരുന്നു. 1971നു ശേഷമുള്ള ഏറ്റവും വിപുലമായ ആക്രമണ ശ്രമത്തിലൂടെ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് പാക് പട്ടാളം തൊടുത്തത്. എന്നാൽ, ‘യന്ത്രങ്ങളും മനുഷ്യരും’ തമ്മിലുള്ള മികവുറ്റ കോംബിനേഷനിലൂടെ സൈന്യം ഇതെല്ലാം നിഷ്പ്രഭമാക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
‘‘പാകിസ്താന്റെ വിപുലമായ ആക്രമണത്തിൽനിന്ന് ജമ്മുവിനെ കാത്തുരക്ഷിച്ചതിൽ നമ്മുടെ സേനയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഈ ബോംബുകൾ മുഴുവൻ എങ്ങനെ നിർവീര്യമാക്കും എന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, നമ്മുടെ സേന അത് സാധ്യമാക്കി.’’ -ഗർഖാൽ നിവാസി സിക്കന്ദർ സിങ് പറഞ്ഞു. സിക്കന്ദറിന്റെ കുടുംബം അടക്കം അഞ്ഞൂറോളം പേരെ ജമ്മുവിന്റെ സമീപത്തെ മിഷ്രിവാലയിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വഴി അത്യസാധാരണ കൃത്യതയോടെ ശത്രുവിന്റെ മുഴുവൻ ആക്രമണ മുനകളും ആകാശത്തുവെച്ചുതന്നെ തകർക്കാൻ സാധിച്ചു. ലക്ഷ്യമിട്ട ഒരു കെട്ടിടം പോലും തകർക്കാനോ ഒരാളുടെ പോലും ജീവന് അപായം വരുത്താനോ പാകിസ്താന് സാധിച്ചില്ല.
സത്വാരി, സാംബ, ആർ.എസ് പുര, അർനിയ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഏഴു മിസൈലുകൾ വന്നിരുന്നുവെങ്കിലും എല്ലാം നമ്മുടെ പ്രതിരോധ സംവിധാനത്തിൽ തട്ടി തകർന്നുവെന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.