സർക്കാറിന്റെ പ്രളയ പ്രതിരോധ പദ്ധതിയിൽ അഴിമതി ആരോപണം; മനിലയിൽ ആയിരങ്ങൾ തെരുവിലേക്ക്

മനില: വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലും പ്രതി​ഷേധിച്ച് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ പതിനായിരക്കണക്കിന് ആളുകൾ റാലി നടത്തുന്നു.

ടൈഫൂൺ സാധ്യത നിലനിൽക്കുന്ന രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളിൽ അഴിമതി ആരോപിച്ചാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ റാലി.

മാർക്കോസിന്റെ ബന്ധുവും മുൻ ജനപ്രതിനിധി സഭ സ്പീക്കറുമായ മാർട്ടിൻ റൊമാൽഡെസ് ഉൾപ്പെടെ നിരവധി ഉന്നത വ്യക്തികൾ, ഗുണനിലവാരം കുറഞ്ഞതോ ഒരിക്കലും പൂർത്തിയാകാത്തതോ ആയ വെള്ളപ്പൊക്ക വിരുദ്ധ പദ്ധതികൾക്കായി വലിയ തുകകൾ പോക്കറ്റിലാക്കിയെന്നാണ് പ്രതി​ഷേധക്കാർ പറയുന്നത്.

മനിലയിലെ റിസാൽ പാർക്കിൽ ഉച്ചക്കു മുമ്പ് നടന്ന പ്രകടനത്തിൽ ‘ചർച്ച് ഓഫ് ക്രൈസ്റ്റി’ലെ 27,000 അംഗങ്ങൾ ഒത്തുകൂടിയതായി പൊലീസ് പറഞ്ഞു. പലരും വെള്ള വസ്ത്രം ധരിച്ചും അഴിമതി വിരുദ്ധ പ്ലക്കാർഡുകളുമായാണ് എത്തിയത്.

മൂന്ന് ദിവസത്തെ റാലി നമ്മുടെ വികാരം പ്രകടിപ്പിക്കുന്നതിനും നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വലിയ തിന്മയെ അപലപിക്കുന്ന ആഹ്വാനങ്ങൾക്ക് ചർച്ചി​ന്റെ ശബ്ദം പകരുന്നതിനുമാണെന്ന് സഭയുടെ വക്താവ് ബ്രദർ എഡ്വിൻ സബാല പറഞ്ഞു. മനിലയിൽ 15,000 പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കുമെന്ന് ഫിലിപ്പൈൻ നാഷനൽ പൊലീസ് പറയുന്നു. മനിലയിൽ നടക്കാനിരിക്കുന്ന പ്രകടനങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ സൈന്യം സർക്കാറിനുള്ള പിന്തുണ ഉറപ്പിച്ചു.

Tags:    
News Summary - Thousands take to the streets in Manila over allegations of massive corruption in the government's flood prevention project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.