ബെയ്‌റൂത്തിലെ ഗസ്സാൻ അബു സിത്ത ചിൽഡ്രൻസ് ഫണ്ടിന്റെ അപ്പാർട്ട്മെന്റിൽ ഉമറും അലിയും 


ഒരേ മുറിവുകളും ഒരേ വേദനയും പങ്കിടുന്നവർ; ഇസ്രായേൽ അനാഥരാക്കിയ കുട്ടികൾ ലബനാനിൽ കണ്ടുമുട്ടിയ​പ്പോൾ

ബെയ്റൂത്ത്: ഇസ്രായേലിന്റെ കുട്ടികളോടുള്ള ഒടുങ്ങാത്ത യുദ്ധക്കലിയുടെ ഇരകളാണ് ഗസ്സയിൽ നിന്നുള്ള ഉമർ അബു കുവൈക്കും തെക്കൻ ലെബനാനിൽ നിന്നുള്ള അലി ഖലീഫും. നൂറുകണക്കിന് മൈലുകൾ അകലെ നിന്ന് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ അവരിവരും ഇ​​​​പ്പോൾ ഒരുമിച്ചാണ്.

മൂന്നു വയസ്സു മാത്രമാണ് അലിയുടെ പ്രായം. തന്റെ പ്ലാസ്റ്റിക് കൈ ഉപയോഗിക്കുമ്പോൾ അവൻ ഇടറുന്നുണ്ട്. ആറു വയസ്സുകാരനായ ഉമറിനും അലിയെപ്പോലുള്ള ഒരു കൃത്രിമ കൈ താമസിയാതെ ലഭിക്കും. അവനു കിട്ടുന്ന സമ്മാനം തുറക്കാൻ ആ കൈ സഹായിച്ചേക്കും. ഇസ്രായേലി ബോംബാക്രമണത്തിൽ ഇരുവരുടെയും കൈകൾ അറ്റു​പോയി. സഹോദരന്മാരല്ലെങ്കിലും അവർ സഹോദരന്മാരെപ്പോലെയാണിവിടെ. ബെയ്റൂത്തിലെ തിരക്കേറിയ ഹംറയിൽ അവർ ഒരേ അപ്പാർട്ട്മെന്റും ഒരേ മുറിവുകളും പങ്കിടുന്നു.

അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പാതി ജീവനോടെ പുറത്തെടുത്തതാണ് രണ്ടുപേരെയും. മാതാപിതാക്കൾ നഷ്ടപ്പെട്ട ഇരുവരും അമ്മായിമാരുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഗസ്സയിൽ നിന്ന് ഉമറിനെ ലെബനാനിലേക്ക് കൊണ്ടുവന്ന മാഹക്ക് കൗമാരപ്രായത്തിലുള്ള സ്വന്തം മക്കളെ നഷ്ടപ്പെട്ടു.

 ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുള്ള സഹോദരി നൂറിനൊപ്പം അലി

 കുടുംബത്തിലെ മറ്റുള്ളവർ കൊല്ലപ്പെട്ട, സ്വന്തമായി മക്കളില്ലാത്ത സോഭിയേ അലിയെ പോറ്റാൻ തീരുമാനിച്ചു. മാതാപിതാക്കളെ എ​പ്പോൾ കാണാനാവുമെന്ന് ആ മൂന്നു വയസ്സുകാരൻ ചോദിക്കുന്നു. അവർ എപ്പോഴും നിന്നെ കാണുന്നുണ്ടെന്നും നിനക്ക് അവരെ കാണാൻ കഴിയില്ലെന്നും അമ്മായി അവനെ ആശ്വസിപ്പിക്കും.

ഒരുകാലത്ത് കുട്ടികളുടെ കുസൃതികളാൽ തിരക്കേറിയ മൂന്ന് നില വീടായിരുന്നു അലി ജനിച്ച തെക്കൻ ലെബനാനിലെ സറഫാൻഡിലുള്ള കുടുംബവീട്. കഴിഞ്ഞ ഒക്ടോബർ 29ലെ നടുക്കുന്ന സംഭവം ഓർത്തുകൊണ്ട് സോഭിയെ പറഞ്ഞു. അന്നത്തെ പ്രഭാതം ശാന്തമായിരുന്നു. രാവിലെ എട്ടേ കാലോടെ ഇസ്രായേലിന്റെ ഷെൽ വന്നു പതിച്ചു. രക്ഷാപ്രവർത്തകർ പകൽ മുഴുവൻ ജോലി ചെയ്ത് കോൺക്രീറ്റും സ്റ്റീലും കുഴിച്ചെടുത്തു. ഇരുട്ട് വീണപ്പോൾ ജീവന്റെ ലക്ഷണങ്ങൾ ഒന്നും പുറത്തുവന്നില്ല. ആക്രമണത്തിന് പതിനാലു മണിക്കൂറിനുശേഷം രണ്ടു വയസ്സുള്ള അലിയെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തി. അവന്റെ ചെറിയ ശരീരം വാടിക്കുഴഞ്ഞിരുന്നു. കൈ അറ്റുപോയിരുന്നു. നേർത്ത ശ്വാസം മാത്രമാണ് അവശേഷിച്ചത്.

ഒരാഴ്ചയോളം അവൻ അബോധാവസ്ഥയിൽ കിടന്നു. കൃത്രിമ ശ്വാസം നൽകി ജീവൻ നിലനിർത്തി. ഒടുവിൽ കണ്ണുതുറന്നപ്പോൾ മാതാപിതാക്കളെ തേടി അവൻ കൈകൾ നീട്ടിയപ്പോൾ അതിലൊന്ന് അവിടെ ഇല്ലായിരുന്നു. കുടുംബത്തിലെ അമ്മായി ഒഴികെ 13 അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ‘അവൻ ശക്തനാണ്. അതാണ് ജീവനോടെ നിലനിർത്തിയ’തെന്ന് ഡോക്ടർ പറഞ്ഞതായി സോഭിയെ പാതി പുഞ്ചി​രിയോടെ പറഞ്ഞു. ഫലസ്തീൻ ബ്രിട്ടീഷ് സർജനായ ഡോ. ഗസ്സാൻ അബു സിത്ത, ലെബനാനിൽ അലിയെ ചികിത്സിക്കുകയും അദ്ദേഹം സ്ഥാപിച്ച ചാരിറ്റിയായ ചിൽഡ്രൻസ് ഫണ്ട് വഴി പരിചരണം ഉറപ്പാക്കുകയും ചെയ്തു.

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആറു വയസ്സുള്ള സഹോദരി യാസ്മിനൊപ്പം ഉമർ


 ഫണ്ട് സഹായിച്ച 19 പലസ്തീൻ കുട്ടികളിൽ ഒരാളാണ് ഗസ്സയിൽ നിന്നുള്ള ആറു വയസ്സുള്ള ഉമർ അബു കുവൈക്ക്. അവന് കൃത്രിമ കൈ ഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഓർമകൾ വളരെ വേദനാജനകമാണെന്നും എല്ലാം മറക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവനെ ഏറ്റെടുത്ത മെഹയുടെ മറുപടി.

 2023 ഡിസംബർ 6ന് രാവിലെ ആദ്യത്തെ മിസൈൽ പതിച്ചു. നാലു നിലകളുള്ളതായിരുന്നു കുവൈക് വീട്. പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു കുടുംബം. ഉമർ പുറത്ത് സൈക്കിളോടിച്ചു കളിക്കുകയായിരുന്നു. ബോംബ് വന്നു വീണ​പ്പോൾ അവൻ പറന്നുയർന്നു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരഞ്ഞപ്പോൾ ഒരു കുട്ടി മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. കൈ അറ്റെങ്കിലും ജീവൻ തിരിച്ചു കിട്ടി. ആ കെട്ടിടത്തിൽ 15 പേരുണ്ടായിരുന്നു. അതിൽ ഉമർ മാത്രമാണ് രക്ഷപ്പെട്ടത്.

ഗസ്സയിൽ നിന്നുള്ള 19 ഫലസതീൻ കുട്ടികൾ, 158 ലെബനീസ് കുട്ടികൾ എന്നിവർ ഉൾപ്പെടെ 180 തോളം പേരെ ഡോ. ഗസ്സാൻ അബു സിത്തയുടെ ‘ചിൽഡ്രൻസ് ഫണ്ട്’ ലബനാനിൽ പരിചരിക്കുന്നു. ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ സാരമായി മുറിവേറ്റവരായിരുന്നു എല്ലാവരും. ചിലർക്ക് കൈകാലുകൾ നഷ്ടപ്പെട്ടു. മറ്റുള്ളവർക്ക് പൊള്ളലേറ്റു. തലച്ചോറിന് പരിക്കേറ്റു. സ്നിപ്പർ ഫയർ, ടാങ്ക് ഷെല്ലുകൾ, പീരങ്കി സ്ഫോടനങ്ങൾ എന്നിവയുടെ പാടുകളുമായി അവർ ഇവിടെ ജീവിക്കുന്നു. ചിലർ അനാഥരാണ്. മറ്റുള്ളവർക്ക് ഗസ്സയിലോ ലെബനാന്റെ തെക്കിലോ ഇപ്പോഴും ബന്ധുക്കൾ ഉണ്ട്. മിക്കവരും അവശേഷിച്ച ഒരു കുടുംബാംഗത്തോടൊപ്പം ഈജിപ്തിലേക്കുള്ള റഫ ക്രോസിങ് വഴി പുറത്തു കടന്നവരാണ്. എല്ലാവർക്കും പാർപ്പിടം, വൈദ്യചികിത്സ, മാനസിക പിന്തുണ എന്നിവയിലൂടെ ചി​ൽഡ്രൻസ് ഫണ്ട് പിന്തുണ നൽകുന്നു.

Tags:    
News Summary - Those children orphaned by Israel met in Lebanon; sharing the same wounds and the same pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.