ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന്
ഗസ്സ: ഇസ്രായേലിന്റെ കൂട്ടക്കുരുതി വംശഹത്യയാണെന്നും ഉടൻ നിർത്തണമെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ജബലിയ അഭയാർഥി ക്യാമ്പ് ആക്രമണദൃശ്യത്തോടൊപ്പം ‘എക്സ്’ കുറിപ്പിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ഫലസ്തീൻ ജനതയെ ഗസ്സ മുനമ്പിൽനിന്ന് തുടച്ചുനീക്കാനാണ് ഇസ്രായേൽ ശ്രമമെന്ന് ആരോപിച്ച അദ്ദേഹം ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ആഞ്ഞടിച്ചു.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പറഞ്ഞു. നിരപരാധികളായ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്നത് ക്രൂരതയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ ‘എക്സി’ൽ കുറിച്ചു. അർജന്റീന, പെറു, മെക്സികോ എന്നീ രാജ്യങ്ങളും അഭയാർഥി ക്യാമ്പ് ആക്രമണത്തെ അപലപിച്ചു. ഇസ്രായേലിന്റെ വംശഹത്യ തടയാൻ നടപടിയെടുക്കാത്ത ഐക്യരാഷ്ട്രസഭ നിലപാടിനെ യു.എൻ മനുഷ്യാവകാശ ഏജൻസി ഉദ്യോഗസ്ഥനും അമേരിക്കൻ അഭിഭാഷകനുമായ ക്രെയ്ഗ് മോഖിബർ വിമർശിച്ചു. അറബ് വംശജരോടുള്ള കാലങ്ങളായുള്ള വിരോധമാണ് യു.എൻ നിലപാടിന് കാരണമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ജോലി ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചു.
ഗസ്സക്കാരുടെ ദുരിതത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്പും കാരണക്കാരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ദ്വിരാഷ്ട്ര ഫോർമുല പ്രശ്നപരിഹാരത്തിന് ഉചിതമല്ലെന്നും നിർദേശിച്ചു. ഇസ്രായേൽ രാജ്യത്തിന് പകരം ക്രിസ്ത്യൻ, മുസ്ലിം, ജൂത വിഭാഗങ്ങൾക്ക് തുല്യപരിഗണന ലഭിക്കുന്ന ജനാധിപത്യ, മതേതര വിശാല ഫലസ്തീൻ രാജ്യമാണ് രൂപവത്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.