ഗസ്സ: ഗസ്സയിലെ നികൃഷ്ടമായ സിവിലിയൻ കൂട്ടക്കുരുതി ഇസ്രായേൽ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. തെക്കൻ ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.എൻ മാനുഷിക സഹായ ഓഫിസിന്റെ പ്രതികരണം.
ഖാൻ യൂനിസിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ നടത്തുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും ഉടൻ അവസാനിപ്പിക്കേണ്ടതുമാണ്. ഖാൻ യൂനിസിലെ നാസർ, അൽ അമൽ ആശുപത്രികൾക്കു സമീപം രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. ഭീകരാന്തരീക്ഷത്തിലാണ് ആരോഗ്യപ്രവർത്തകർ അടിയന്തര സേവനം നൽകുന്നത്. ഇസ്രായേൽ സൈന്യം മേഖല ഉപരോധിച്ചിരിക്കുകയാണ് -യു.എൻ ഓഫിസ് കോഓഡിനേറ്റർ തോമസ് വൈറ്റ് പറഞ്ഞു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യതന്നെയെന്ന് യു.എസിൽ ഇക്കണോമിസ്റ്റ്/യൂഗവ് പോൾ നടത്തിയ സർവേയിൽ 35 ശതമാനം പേർ അഭിപ്രായപ്പെട്ടു. 18-29 പ്രായപരിധിയിലെ 49 ശതമാനം പേരും കരുതുന്നത് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നാണ്.
ഗസ്സ: ഗസ്സയിലെ മുഴുവൻ ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും റെഡ് ക്രോസ് മുന്നറിയിപ്പ് നൽകി. മൂന്നിൽ രണ്ട് ആശുപത്രികളും ഇതിനകം പ്രവർത്തനം നിർത്തിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം കാരണം ബാക്കിയുള്ളതും അടച്ചുപൂട്ടേണ്ടിവരുമെന്നതാണ് സ്ഥിതി -റെഡ് ക്രോസ് ഗസ്സ ഓഫിസ് മേധാവി വില്യം സ്ചോംബർഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.