തെഹ്റാൻ: ആഗോള എണ്ണക്കപ്പൽ പാതയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണങ്ങൾ നീക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ 13ന് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് ഇസ്‍ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറി.
ബുധനാഴ്ച ഹുർമുസ് ഇടുക്കിലൂടെ കടന്നുപോയ രണ്ട് ചരക്കുകപ്പലുകൾ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു. വിദേശ കപ്പലുകൾ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് തെഹ്‌റാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് 10,000 സൈനികരെ ഉൾപ്പെടുത്തി അമേരിക്ക ശക്തമായ ഉപരോധം തുടരുകയാണ്. ബുധനാഴ്ച മാത്രം 31 കപ്പലുകളെ അമേരിക്കൻ സേന തടഞ്ഞു തിരിച്ചയച്ചു.
ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ സംവിധാനങ്ങളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് 64കാരനായ മുഹമ്മദ് ബാഗർ ഖാലിബാഫ്. 1980ൽ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് വിപ്ലവ ഗാർഡിൽ ചേർന്ന് സേവനമനുഷ്ഠിച്ച അദ്ദേഹം വിദഗ്ധനായ ഒരു പൈലറ്റും പൊളിറ്റിക്കൽ ജിയോഗ്രഫിയിൽ പി.എച്ച്ഡി ബിരുദധാരിയുമാണ്. മുമ്പ് ഇറാന്റെ ദേശീയ പൊലീസ് മേധാവിയായും 12 വർഷക്കാലം ടെഹ്‌റാൻ മേയറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇറാൻ പാർലമെന്റ് (മജ്‌ലിസ്) സ്പീക്കറായ ഖാലിബാഫ്, ഇറാന്റെ സൈനിക-ഭരണ വിഭാഗങ്ങൾക്കിടയിലെ പാലമായിട്ടാണ് അറിയപ്പെടുന്നത്.
ഉപരോധം പൂർണമായും നീക്കാതെ അന്താരാഷ്ട്ര ചരക്കുനീക്കം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന ഇറാന്റെ കടുത്ത നിലപാട് ആഗോള എണ്ണ വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.