വാഷിങ്ടൺ: അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ കൂട്ടരാജിക്ക് ഇന്നു തുടക്കം. ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു ലക്ഷം ഉദ്യോഗസ്ഥരാണ് സേവനം അവസാനിപ്പിക്കുന്നത്. സ്വയം വിരമിക്കൽ പദ്ധതി എന്ന ഓമനപ്പേരിൽ 2.75 ലക്ഷം ജീവനക്കാരെയാണ് ട്രംപ് ഭരണകൂടം ഒഴിവാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യു.എസിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
രാജിക്കു ശേഷം ആദ്യത്തെ എട്ടു മാസം പൂർണ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. കൂട്ടരാജിക്ക് 14.8 ബില്യൺ ഡോളറാണ് (ഏകദേശം 1.30 ലക്ഷം കോടി രൂപ) ചെലവ്. ചെലവ് കുറക്കാൻ പിരിച്ചുവിടൽ സഹായിക്കുമെന്നാണ് സർക്കാർ നിലപാട്. ചരിത്രത്തിലെ ഏറ്റവും വലുതും ഫലപ്രദവുമായ ജീവനക്കാരെ കുറക്കുന്ന പദ്ധതിയാണിതെന്നും സർക്കാറിന് പ്രതിവർഷം 28 ബില്യൺ ഡോളർ (2.40 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
സമ്മർദം കാരണം ജീവനക്കാർ രാജിവെക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് വിവരം. നിയമപരമായ മാർഗങ്ങളിലൂടെലല്ല, ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും രാജിവെക്കാൻ നിർബന്ധിക്കുകയായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കരിയർ പൂർത്തിയാക്കാൻ കഴിയാത്തതിന്റെ സങ്കടം പലരും പങ്കുവെച്ചു. ജീവനക്കാരുടെ യൂനിയനുകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നീതി ലഭ്യമായിട്ടില്ല.
പണി പോകുന്ന കാര്യം രഹസ്യമായി വെക്കാനാണ് പലർക്കും താൽപര്യം. പിരിഞ്ഞുപോകുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. ആഗസ്റ്റിൽ യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമാണ്. 2021ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ട്രംപ് ഭരണകൂടത്തിന്റെ തീരുവകൾ കാരണമുണ്ടായ തടസ്സങ്ങളും അനിശ്ചിതത്വവും കാരണം ജോലി അവസരങ്ങളും കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.