അഞ്ചാംവട്ട ചർച്ചയും പരാജയം; പാകിസ്താനിൽ സർക്കാർ രൂപവത്കരണം അനിശ്ചിതമായി നീളുന്നു

ഇസ്‍ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 11 ദിവസത്തിലധികമായിട്ടും പാകിസ്താനിൽ സർക്കാർ രൂപവത്കരണം അനിശ്ചിതമായി നീളുന്നു. സർക്കാർ രൂപവത്കരണത്തിന് മുന്നിട്ടിറങ്ങിയ പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസും (പി.എം.എൽ-എൻ) പാകിസ്താൻ പീപ്പിൾസ് പാർട്ടിയും (പി.പി.പി) തമ്മിലുള്ള അഞ്ചാം വട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.

ഒറ്റക്ക് സർക്കാർ രൂപവത്കരണത്തിന് 266 അംഗ ദേശീയ അസംബ്ലിയിൽ ഒരു കക്ഷിക്ക് 133 സീറ്റുകൾ നേടണം. എന്നാൽ, പി.എം.എൽ-എന്നിന് 75ഉം പി.പി.പിക്ക് 54 ആണും സീറ്റ് ആണ് ലഭിച്ചത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് 101 സീറ്റുമുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ സർക്കാർ രൂപവത്കരണ ശ്രമത്തിൽനിന്ന് തഹ്‍രീകെ ഇൻസാഫ് പിന്മാറിയിരുന്നു. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ പാർലമെൻ്റിൽ പരമാവധി സീറ്റുകൾ നേടിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യസർക്കാർ രൂപീകരിക്കുമെന്ന് പി.എം.എൽ-എന്നും പി.പി.പിയും പ്രഖ്യാപിക്കുകയായിരുന്നു.

നവാസ് ശരീഫിൻ്റെ സഹോദരൻ ഷഹ്ബാസ് ശരീഫിനെ പ്രധാനമന്ത്രിയും പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോയുടെ പിതാവ് ആസിഫ് അലി സർദാരിയെ പ്രസിഡന്റും ആയി പ്രഖ്യാപിച്ചു​ കൊണ്ടുള്ള ചർച്ചകൾ മുന്നോട്ടുപോയെങ്കിലും വഴി മുട്ടുകയായിരുന്നു. അധികാരം പങ്കിടൽ സൂത്രവാക്യത്തിൽ ഇരുപക്ഷവും സമവായത്തിലെത്താത്തതിനെത്തുടർന്നാണ് പി.എം.എൽ-എന്നും പി.പി.പി ഏകോപന സമിതികൾ തമ്മിലുള്ള അഞ്ചാം റൗണ്ട് ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പാർലമെൻ്റ് ലോഡ്ജിലെ പി.എം.എൽ-എന്നിന്റെ മുതിർന്ന നേതാവ്  ഇഷാഖ് ദാറിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ ഇരു പാർട്ടികളിലെയും പ്രമുഖർ പങ്കെടുത്തു. പി.പി.പിയുമായുള്ള ചർച്ച ബുധനാഴ്ച പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പി.എം.എൽ-എൻ രാത്രി 11 മണിയോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു.


Tags:    
News Summary - The fifth debate also failed; Government formation in Pakistan continues indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.