'അമേരിക്ക ഇപ്പോഴും അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിസന്ധി സങ്കീർണ്ണമാക്കുകയാണ്'; യു.എസ് നിലപാടിനെതിരെ ഇറാൻ

തെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ തികച്ചും ന്യായമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. സമാധാനത്തിനുള്ള ഇറാന്റെ വാഗ്ദാനം ഉദാരവും ഉത്തരവാദിത്തപരവുമാണെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി വിശേഷിപ്പിച്ചു. എന്നാൽ അമേരിക്ക ഇപ്പോഴും അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിസന്ധി സങ്കീർണ്ണമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്താൻ വഴി ഇറാൻ കൈമാറിയ സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തള്ളിയതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളായതായി ഇസ്മായിൽ ബഖായി പറഞ്ഞു. ‘യു.എസ് ഇപ്പോഴും യുക്തിരഹിതമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഞങ്ങളുടെ മറുപടി ഒരിക്കലും അമിതമായ ആവശ്യങ്ങളായിരുന്നില്ല,’ അദ്ദേഹം വ്യക്തമാക്കി. ‘യുദ്ധത്തിലേക്ക് നിർബന്ധിക്കപ്പെട്ടാൽ ഞങ്ങൾ ശക്തമായി പോരാടും. എന്നാൽ നയതന്ത്രത്തിന് വഴിയുണ്ടെങ്കിൽ ആ അവസരം ഞങ്ങൾ ഉപയോഗപ്പെടുത്തും. നയതന്ത്രത്തിന് അതിന്റേതായ നിയമങ്ങളുണ്ട്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യില്ലെ’ന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു

ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ തങ്ങൾ തയ്യാറാണെന്നും ഇത് മേഖലയുടെ ആകെ സുരക്ഷക്ക് ഗുണകരമാകുമെന്നും ഇറാൻ ആവർത്തിച്ചു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടുകൾ സമാധാന ചർച്ചകളെ വഴിമുട്ടിച്ചിരിക്കുകയാണ്. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശത്തിന് മറുപടിയായി എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുന്നതിനും കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷക്കും മുൻഗണന നൽകുന്ന നിർദേശങ്ങളാണ് ഇറാൻ സമർപ്പിച്ചത്.

എന്നാൽ ഇറാന്റെ മറുപടി പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് അത് തള്ളിക്കളയുകയായിരുന്നു. "എനിക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല, ഇത് അംഗീകരിക്കാനാവില്ല," എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ആണവ പ്രശ്നങ്ങളും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും മരവിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.  

Tags:    
News Summary - Tehran says US continues to have ‘unreasonable demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.