യു.എസ് ചർച്ചാവാഗ്ദാനം തള്ളി ഇറാൻ; ആഗോള ഇന്ധന വിപണിയിൽ കനത്ത ആശങ്ക

കെയ്‌റോ: യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം ഇറാൻ സൈനിക നേതൃത്വം തള്ളി. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇസ്രായേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം അതിരൂക്ഷമായി തുടരുന്നു. ചർച്ചകൾക്കായി അമേരിക്ക 15 ഇന കർമ്മപദ്ധതി മുന്നോട്ടുവെച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എസ് തങ്ങളോട് തന്നെയല്ലേ ചർച്ച നടത്തുന്നതെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സുൽഫഖരി പരിഹസിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉന്നതതല ചർച്ചകൾക്കിടെ തന്നെ യു.എസ് രണ്ടുതവണ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ വാഷിങ്ടണുമായി ഒരു കരാറിനുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. "ഞങ്ങളെപ്പോലെയുള്ളവർക്ക് നിങ്ങളെപ്പോലെയുള്ളവരുമായി ഒരിക്കലും ഒത്തുപോകാൻ കഴിയില്ല, ഇപ്പോഴോ ഇനിയൊരിക്കലോ നിങ്ങളുമായി ഒരു കരാറിനുമില്ല" എന്നും ഇറാൻ സൈനിക കമാൻഡ് വക്താവ് ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.

നാലാം ആഴ്ചയിലേക്ക് കടന്ന യുദ്ധത്തിൽ ബുധനാഴ്ചയും ഇരുരാജ്യങ്ങളും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടർന്നു. ടെഹ്‌റാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ജനവാസ കേന്ദ്രങ്ങൾ തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ടെൽ അവീവ്, കിര്യത് ഷിമോണ എന്നിവിടങ്ങളിലും കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലും ഇറാൻ റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി.

ലോകത്തെ ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ ആഘാതത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കാലത്തിന് സമാനമായ വർക്ക് ഫ്രം ഹോം രീതികളും സ്കൂൾ അവധികളും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് റെക്കോർഡ് അളവിൽ എണ്ണ വിപണിയിലിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ നിർത്തലാക്കുക, ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ പിൻവലിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് യു.എസ് സമാധാന കരാറിനായി മുന്നോട്ടുവെച്ചിട്ടുള്ളത്.

Tags:    
News Summary - Tehran rejects US offer of talks global fuel market in deep concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.