തെഹ്റാനിൽ പ്രത്യക്ഷപ്പെട്ട ബിൽബോർഡ്
തെഹ്റാൻ: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള കൂറ്റൻ ബിൽബോർഡ് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ ഇങ്കെലാബ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ടു. പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്നെഴുതിയ ബിൽബോർഡിൽ, കഴിഞ്ഞ ഫെബ്രുവരി 28ന് മീനാബിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമക്കായുള്ള സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം കറുത്ത ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലാണ് ബിൽബോർഡിൽ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. അടഞ്ഞ കണ്ണുകളും അലങ്കോലമായ മുടിയും ചുവന്ന ടൈയും ധരിച്ച്, തടിച്ച വയറിന് മുകളിൽ കൈകൾ വെച്ച നിലയിലുള്ള ട്രംപിന്റെ ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഒരിടവേളക്ക് ശേഷം യു.എസ് - ഇറാൻ സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് പ്രകോപനപരമായ ബിൽബോർഡ് തെഹ്റാനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അമേരിക്കക്കും ഇസ്രായേലിനുമെതിരായ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഇറാൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരിടമാണ് ഇങ്കലാബ് സ്‌ക്വയർ. നേരത്തെ, അമേരിക്കൻ യുദ്ധക്കപ്പലിന് നേരെയുള്ള ആക്രമണത്തിന്റെ പോസ്റ്ററുകളും ഖാംനഈയുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഇവിടെ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിലവിൽ മേഖലയിൽ സംഘർഷഭീതി പരത്തി അമേരിക്കയും ഇറാനും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്.ഇറാനെതിരെ തങ്ങളുടെ ഏറ്റവും പുതിയ വ്യോമാക്രമണ പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ പ്രധാനപ്പെട്ട കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയാണ് യു.എസ് സേന ലക്ഷ്യമിട്ടത്.
സൈനിക നടപടികൾക്കിടയിൽ, ഇറാനിലെ അഹ്‌വാസിൽ കാൻസർ രോഗികൾ ചികിത്സ തേടുന്ന ബോഘായി ആശുപത്രിക്ക് സമീപം മിസൈൽ പതിച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ പ്രകമ്പനത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ഭയന്നോടിയതായി മന്ത്രാലയ വക്താവ് ഹുസൈൻ കെർമാൻപൂർ എക്‌സിലൂടെ അറിയിച്ചു. കൂടാതെ, ഖ്വഷ്മിലെ ഒരു വ്യവസായ സ്ഥാപനത്തിന് നേരെയും ആക്രമണം ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എങ്കിലും, ഭാഗ്യവശാൽ അവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ ആക്രമണത്തിന് മറുപടിയായി കുവൈത്തിലെയും ജോർഡനിലെയും സൈനിക താവളത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. ഇതിനിടെ ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുഃനസ്ഥാപിക്കാനും കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ പുനരാരംഭിക്കാനും പാകിസ്താൻ സമ്മർദം ശക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.