കാൻസർ ആശുപത്രി
തെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ, ഇറാന്റെ തുറമുഖങ്ങൾ വീണ്ടും ഉപരോധിച്ചും വ്യോമാക്രമണം ശക്തമാക്കിയും അമേരിക്ക. ഇറാനിലെ അഹ്‌വാജിലുള്ള ഷാഹിദ് ബഘായി ആശുപത്രിക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ആശുപത്രി കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഉണ്ടായതിനെത്തുടർന്ന്, കാൻസർ രോഗികളായ കുട്ടികൾ ഉൾപ്പെടെയുള്ളവരെ അവിടെ നിന്നും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നു. ആശുപത്രികൾക്ക് നേരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
അമേരിക്കൻ ആക്രമണം അവസാനിക്കുന്നത് വരെ ഹുർമുസ് കടലിടുക്ക് അടച്ചിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. ഇതിനിടയിൽ അമേരിക്കയുടെ സഖ്യരാജ്യങ്ങൾക്ക് നേരെയും ഇറാൻ തിരിച്ചടിച്ചു. ക്വഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്, ചബഹാർ, കൊനാരക്, റാസ്ക് സിറ്റി, ഖോണ്ടാബ്, ഖൊറമാബാദ് എന്നിവിടങ്ങളിലടക്കം ഇറാന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടനങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അഹ്‌വാജിലെ ശാഹിദ് ബഘായി ആശുപത്രിക്ക് നേരെ അമേരിക്കൻ ആക്രമണമുണ്ടായെന്നും, കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം തകർന്നതായും മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയിരുന്ന ഈ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കേണ്ടി വന്നു.
ഇറാൻ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായും 300ലധികം പേർക്ക് പരിക്കേറ്റതായും ഇറാൻ അധികൃതർ അറിയിച്ചു. തലസ്ഥാനമായ തെഹ്‌റാനിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ ഏക ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹറിലും അമേരിക്കൻ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഭീഷണിയായ ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാൻ തുറമുഖങ്ങളിലേക്കുള്ള ഉപരോധം മറികടക്കാൻ ശ്രമിച്ച ബെൽമ എന്ന എണ്ണക്കപ്പലിന് നേരെ യു.എസ് വിമാനം മിസൈൽ ആക്രമണം നടത്തി കപ്പലിനെ തടഞ്ഞു.
ബഹ്‌റൈനിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റിന് നേരെ ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം നടത്തി. കൂടാതെ, ഇറാന്‍റെ തെക്കുപടിഞ്ഞാറൻ നഗരമായ ആൻഡിമെഷ്കിന് മുകളിൽ പറന്ന അമേരിക്കൻ എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി ഐ.ആർ.ജി.സി അവകാശപ്പെട്ടു. ഇറാഖിലെ എർബിലിൽ യു.എസ് കോൺസുലേറ്റിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച എട്ട് ഡ്രോണുകൾ സഖ്യസേന തകർത്തു.
സംഘർഷങ്ങൾക്കിടയിലും സൗദി അറേബ്യക്ക് 1.96 ബില്യൺ ഡോളറിന്റെയും കുവൈറ്റിന് 484 മില്യൺ ഡോളറിന്റെയും ആയുധ വിൽപ്പനക്ക് അമേരിക്ക അംഗീകാരം നൽകി. ഇറാൻ സമാധാന ചർച്ചക്ക് തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും, ചർച്ചകൾക്ക് തയാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 2024 മുതൽ ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരൻ ഡിന കരാരിയെ വിട്ടയച്ചത് ഒരു നല്ല സൂചനയായി കാണുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുകയാണ്. ഹുർമുസ് കടലിടുക്കിലെ ഉപരോധം ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.