യുദ്ധത്തിനിടെ ആയുധക്കച്ചവടം സജീവമാക്കി യു.എസ്; ഗൾഫ് രാജ്യങ്ങൾക്ക് 244കോടി ഡോളറിന്റെ ആയുധം നൽകാൻ അംഗീകാരം

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ രണ്ട് ഗൾഫ് രാജ്യങ്ങൾക്ക് വൻതോതിൽ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സേവനങ്ങളും വിൽക്കുന്നതിനുള്ള കരാറുകൾക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി.

1.96 ബില്യൺ ഡോളറിന്റെയും 484 മില്യൺ ഡോളറിന്റെയും രണ്ട് വ്യത്യസ്ത കരാറുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യ കരാറിൽ അംഗീകരിച്ചിരിക്കുന്ന പാക്കേജിൽ റോക്കറ്റുകളെ കൃത്യമായി തടയാൻ സാധിക്കുന്ന ലേസർ ഗൈഡൻസ് സംവിധാനമായ അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം, വിമാനത്തിൽ നിന്നും ഹെലികോപ്റ്ററിൽനിന്നും ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, പതുക്കെ സഞ്ചരിക്കുന്ന വിമാനങ്ങൾ എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ക്രമീകരണമായ എയർ-ടു-എയർ ഗൈഡൻസ് സെക്ഷനുകൾ എന്നിവ ഉൾപ്പെടും. ഇതിനുപുറമെ ലോഞ്ചറുകൾ, വാർഹെഡുകൾ, റോക്കറ്റ് മോട്ടോറുകൾ, ഫ്യൂസുകൾ, സ്പെയർ-റിപ്പയർ ഭാഗങ്ങൾ, സാങ്കേതിക രേഖകൾ, പരിശീലന ഉപകരണങ്ങൾ, ലോജിസ്റ്റിക്‌സ് സപ്പോർട് സേവനങ്ങൾ എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇടപാടിലെ പ്രധാന കരാറുകാരൻ അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലെ നാഷുവ ആസ്ഥാനമായുള്ള ബി.എ.ഇ സിസ്റ്റംസ് എന്ന വ്യോമയാന കമ്പനിയായിരിക്കും.

രണ്ടാമത്തെ കരാറിൽ 484 മില്യൺ ഡോളറിന്റെ ‘വിദേശ സൈനിക വിൽപന’ പദ്ധതിയുടെ ഭാഗമായി സൈനിക വിമാനങ്ങളുടെ പരിപാലനത്തിനും അനുബന്ധ ഉപകരണങ്ങൾക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. ഈ പാക്കേജിൽ വിമാനത്തിന്റെ ഭാഗങ്ങൾ, സ്പെയർ പാർട്സ്, അനുബന്ധ ഉപകരണങ്ങൾ, വിമാന നവീകരണ സംവിധാനങ്ങൾ, ഗ്രൗണ്ട് ഹാൻഡ്‍ലിങ്ങ് ഉപകരണങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, സാങ്കേതിക രേഖകൾ, പരിശീലനം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ എന്നിവയും ഉൾപ്പെടും.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം ലഭിച്ചെങ്കിലും, വിദേശ സൈനിക വിൽപനയായതിനാൽ സാധാരണയായി അമേരിക്കൻ കോൺഗ്രസിന്റെ അവലോകന നടപടിക്രമങ്ങൾ കൂടി പൂർത്തിയാകേണ്ടതുണ്ട്. അതിന് ശേഷമാണ് കരാറുകൾ അന്തിമമായി നടപ്പിലാക്കുക.

ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമായാണ് അമേരിക്ക വിലയിരുത്തപ്പെടുന്നത്. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായതോടെ സൈനിക ഉപകരണങ്ങൾ വിൽക്കുന്ന യു.എസ് കമ്പനിൾ വലിയ നേട്ടംകൊയ്യുന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ആഗോള ആയുധ കച്ചവടത്തിന്റെ 40 ശതമാനത്തിലധികവും നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.

Tags:    
News Summary - US approves $2.44 billion arms deal for Gulf nations amid West Asia tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.