ഇംറാന്‍റെ വസതിക്കു മുന്നിൽ സംഘർഷം തുടരുന്നു; നിരവധി പേർക്ക് പരിക്ക്

ലാഹോർ: പാക് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാന്‍റെ വസതിക്കു മുന്നിൽ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം തുടരുന്നു.

മണിക്കൂറുകൾ പിന്നിട്ടിട്ടും പാർട്ടിപ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായിട്ടില്ല. ബുധനാഴ്ച രാവിലെയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിലെ സമാൻ പാർക്ക് വസതിക്കു ചുറ്റും വൻപൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രവർത്തകർ തെരുവിലിറങ്ങുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ലാഹോറിലെ വസതിയിൽ ഇസ്ലാമാബാദ് പൊലീസ് എത്തിയത്. വസതിക്കു പുറത്ത് കവചിത വാഹനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷത്തിൽ പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായി സർക്കാർ വക്താവ് അറിയിച്ചു. തന്നെ ജയിലിലേക്ക് അയച്ചാലും കൊന്നാലും സർക്കാറിനെതിരായ പോരാട്ടം തുടരാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്ന വിഡിയോ സന്ദേശം ഖാൻ പുറത്തുവിട്ടിരുന്നു. തോഷഖാന കേസിൽ ഇംറാനെതിരേ കഴിഞ്ഞ ദിവസം കോടകതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്തുടനീളം ഇംറാൻ അനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഇംറാനെതിരെ 80ഓളം കേസുകളുണ്ട്. എന്നാൽ, കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇംറാന്‍റെ ആരോപണം.

Tags:    
News Summary - Teargas, heavy shelling at Imran Khan's house as clashes injure many

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.