വാഷിങ്ടൺ: സുദീർഘ കാലത്തേക്ക് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന് പകരം ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾക്കായി അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനായി കുറച്ചു കാലത്തേക്ക് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരിക എന്നതാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ എച്ച്-വൺബി വിസ നയമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. അമേരിക്കയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ചില മേഖലകളിലേക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ഉൽപ്പാദനമേഖല പുനഃസ്ഥാപിക്കുന്നതിനുള്ള വിജ്ഞാന കൈമാറ്റ ശ്രമമായാണ് ട്രംപിന്റെ പുതിയ നയത്തെ കുറിച്ച് ഫോക്സ് ന്യൂസിന്റെ ബ്രയാൻ കിൽമീഡ് അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി ഔട്ട്‌സോഴ്സിങ് നടത്തിയതിന് ശേഷം യു.എസ് ഉൽപ്പാദന മേഖലയെ പുനർനിർമിക്കുക എന്നതാണ് പുതിയ സമീപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിന് മാത്രമായി അഞ്ചോ ആറോ വർഷത്തേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. അത് കഴിഞ്ഞാൽ അവർക്ക് തിരിച്ചുവീട്ടിലേക്ക് മടങ്ങാം. അപ്പോഴേക്കും പരിശീലനം സിദ്ധിച്ച യു.എസിലെ തൊഴിലാളികൾ എല്ലാകാര്യങ്ങളും ചെയ്യാൻ പ്രാപ്തരായിട്ടുണ്ടാകുമെന്നും കിൽമീഡ് പറഞ്ഞു.
ഇപ്പോൾ വിദേശ തൊഴിലാളികൾ ചെയ്യുന്ന ജോലികൾ ഏറ്റെടുക്കാനുള്ള കഴിവ് അമേരിക്കക്കാർക്ക് ഇല്ല. കുറെ വർഷത്തേക്ക് നമ്മൾക്കിടെ കപ്പലുകളും സെമികണ്ടക്ടറുകളും നിർമിക്കാൻ കഴിയില്ല. അപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ആ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഇവിടേക്ക് കൊണ്ടുവരുന്നു. അവർ അമേരിക്കക്കാരെ പഠിപ്പിച്ചു കൊടുക്കുന്നു. അതുകഴിഞ്ഞാൽ സ്ഥലംവിടുന്നു. അത്രമാത്രം-കിൽമീഡ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.