ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ 17ന് ; നരേന്ദ്ര മോദിക്ക് ക്ഷണം

ധാക്ക:ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്രാൻസ്ന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്നാണ് അറിയുന്നത്. അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

മുൻ പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദാസിയയുടെ മകനായ താരിഖ് റഹ്മാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബംഗ്ലാദേശിൽ അധികാരത്തിലെത്തിയത്.

ഇന്ത്യയടക്കം 13 രാഷ്ട്രങ്ങൾക്കാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന്റെ ക്ഷണമുള്ളത്. ഇന്ത്യക്ക് പുറമെ ചൈന, സൗദി അറേബ്യ, പാകിസ്താൻ, തുർക്കി, യു.എ.ഇ, ഖത്തർ, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാഷ്ട്രങ്ങൾക്കാണ് ക്ഷണം ലഭിച്ചത്.

17 വർഷത്തോളം ലണ്ടനിൽ പ്രവാസ ജീവിതം നയിച്ച താരിഖ് റഹ്മാൻ കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ആകെയുള്ള 297 സീറ്റിൽ 209 സീറ്റ് നേടിയാണ് ബി.എൻ.പി അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റ് നേടി. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

Tags:    
News Summary - Tariq Rahman to be sworn in as Bangladesh Prime Minister on 17th; PM Modi invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.