ഹുർമുസ് കടലിടുക്കിൽ നേരിയ ഇളവ്; രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ എണ്ണക്കപ്പലുകൾ ഏഷ്യൻ വിപണികളിലേക്ക് തിരിച്ചു

സിംഗപ്പൂർ: യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ കനത്ത എണ്ണപ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹുർമുസ് കടലിടുക്കിൽ നിന്നും എണ്ണക്കപ്പലുകൾ പുറത്തു കടക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള 60 ലക്ഷം ബാരൽ എണ്ണയുമായി കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടന്ന മൂന്ന് സൂപ്പർ ടാങ്കറുകളാണ് ബുധനാഴ്ച ഹുർമുസ് കടലിടുക്ക് കടന്ന് ഏഷ്യൻ വിപണികളിലേക്ക് യാത്ര തിരിച്ചത്. ഷിപ്പിങ് ഡാറ്റാ ഏജൻസികളായ എൽ.എസ്.ഇ.ജി , കെപ്ലർ എന്നിവയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കപ്പലുകൾക്ക് കടന്നുപോകാനായി ഇറാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക റൂട്ട് വഴിയാണ് ഈ സൂപ്പർ ടാങ്കറുകൾ പുറത്തുകടന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ലോകത്തിലെ ആകെ ഊർജ്ജ-എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ തന്ത്രപ്രധാനമായ പാതയിലൂടെയാണ്.

ബുധനാഴ്ച പുറപ്പെട്ട കപ്പലുകളിൽ രണ്ട് ചൈനീസ് ടാങ്കറുകളും ഒരു ദക്ഷിണ കൊറിയൻ ടാങ്കറും ഉൾപ്പെടുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ എസ്.കെ എനർജി സ്ഥിതി ചെയ്യുന്ന ഉൽസാൻ തുറമുഖത്തേക്ക് ജൂൺ ഒമ്പതോടെ ഈ കപ്പൽ എത്തും. യുദ്ധം തുടങ്ങുന്നതിന് തലേന്ന് ഇറാഖിൽ നിന്ന് 20 ലക്ഷം ബാരൽ എണ്ണ ശേഖരിച്ച ചൈനീസ് പതാകയേന്തിയ കപ്പൽ ജൂൺ നാലിന് ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെത്തും.

എണ്ണക്കപ്പലുകൾ നീങ്ങിത്തുടങ്ങിയെങ്കിലും മേഖലയിലെ സുരക്ഷാ ഭീഷണി ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് യു.എസ് നാവികസേനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇറാൻ സേനയുടെ ഭാഗത്തുനിന്ന് കപ്പലുകൾക്ക് നേരെ കടുത്ത മുന്നറിയിപ്പുകളും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.

യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം 125 മുതൽ 140 വരെ കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ നിലവിൽ ദിവസേന പത്തോ പന്ത്രണ്ടോ കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കപ്പലുകളിലായി ഇരുപതിനായിരത്തോളം നാവികരാണ് നിലവിൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്.

ഡ്രോൺ ആക്രമണങ്ങൾ, കടൽ മൈനുകൾ, സൈനിക മേൽനോട്ടത്തിന്റെ കുറവ് എന്നിവ കാരണം ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഇപ്പോഴും അതീവ അപകടം പിടിച്ചതാണെന്ന് കപ്പൽ വ്യവസായ സംഘടനകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഒരുമിച്ച് യാത്ര തിരിക്കുകയാണെങ്കിൽ കനത്ത ഗതാഗതക്കുരുക്കിനും അത് വഴി വലിയ അപകടങ്ങൾക്കും സാധ്യതയുണ്ടെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Tankers exit Strait of Hormuz with 6 million barrels of crude oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.