സ്ഥാപക നേതാവ് മുല്ല ഉമറിന്‍റെ അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തി താലിബാൻ

കാബൂൾ: താലിബാൻ സ്ഥാപക നേതാവ് മുല്ല ഉമറിന്‍റെ അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തി മുതിർന്ന നേതാക്കൾ. മുല്ല ഉമറിന്‍റെ മരണവും സംസ്കാര ചടങ്ങുകളും വർഷങ്ങളോളം രഹസ്യമാക്കി വെച്ചതിന് ശേഷമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തൽ.

2001ൽ അമേരിക്കൻ നേതൃത്വത്തിൽ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഉമറിന്‍റെ ആരോഗ്യത്തെക്കുറിച്ചും മറ്റും ധാരാളം കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ 2015ലാണ് ഉമറിന്‍റെ മരണത്തെക്കുറിച്ച് താലിബാൻ വക്താക്കൾ ഔദ്യോഗിക പ്രസ്താവന നടത്തിയത്. മരിക്കുമ്പോൾ 55 വയസ്സായിരുന്നു പ്രായം.

സൂരി ജില്ലയിലെ സാബുൽ പ്രവിശ്യയിൽ ഒമർസോയ്ക്ക് സമീപമാണ് മുല്ല ഉമറിന്‍റെ അന്ത്യവിശ്രമ സ്ഥലം. ധാരാളം ശത്രുക്കൾ ഉള്ളതിനാൽ ഖബറിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് രഹസ്യമാക്കി വെച്ചതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കുന്നതിന് വിലക്കില്ല. എന്നാൽ മാധ്യമ പ്രവർത്തകർക്ക് സന്ദർശനത്തിനും ഖബറിന്‍റെ ചിത്രം പകർത്താനും അനുമതിയില്ല. മരിച്ചവരെ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്ന് മുജാഹിദ് പറഞ്ഞു.

ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിന് പ്രതിവിധിയായിട്ടാണ് ഉമർ 1993ൽ താലിബാൻ സ്ഥാപിച്ചത്. 2001ൽ യു.എസ് സൈനിക നടപടിയിൽ താലിബാന് അധികാരം നഷ്ടമായി. 20 വർഷത്തെ യു.എസ് സൈനിക നടപടി അവസാനിപ്പിച്ചതോടെ കഴിഞ്ഞ വർഷം താലിബാൻ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്. 

Tags:    
News Summary - Taliban reveal burial place of founder Mullah Omar, nine years after death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.