അഫ്ഗാൻ പിടിച്ചതിന്‍റെ ഒന്നാം വാർഷികം ആഘോഷിച്ച് താലിബാൻ; പ്രതിഷേധിച്ച് വനിതകൾ

കാബുൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന്‍റെ ഒന്നാം വാർഷികം ആഘോഷിച്ച് താലിബാൻ. പതാകളും തോക്കുകളുമായി ട്രക്കിൽ ചുറ്റികറങ്ങിയാണ് താലിബാനെ പിന്തുണക്കുന്നവർ ആഘോഷിച്ചത്. ഇന്ത്യൻ എംബസിക്ക് സമീപമുള്ള അതീവ സുരക്ഷാ ഗ്രീൻ സോണിലെ സ്റ്റേറ്റ് മീഡിയ ഓഡിറ്റോറിയത്തിലാണ് മുതിർന്ന താലിബാൻ നേതാക്കൾ ഔദ്യോഗികമായി ആഘോഷം സംഘടിപ്പിച്ചത്. തെരുവിൽ നടന്ന ആഘോഷത്തിൽ ഏതാനും സിവിലിയന്മാരും പങ്കാളിയായി. എന്നാൽ, സ്ത്രീകൾ പങ്കെടുത്തില്ല.

അതേസമയം, റെവല്യൂഷണറി അസോസിയേഷൻ ഓഫ് ദ് വുമൺ ഓഫ് താലിബാൻ (ആർ.എ.ഡബ്ല്യു.എ) എന്ന സംഘടനയിൽപ്പെട്ട ഒരു കൂട്ടം വനിതകൾ രഹസ്യകേന്ദ്രത്തിൽ സംഗമിച്ച് പ്രതിഷേധം രേഖപ്പെടുത്തി. താലിബാനെതിരായ ചെറുത്തുനിൽപ്പ് തുടരുമെന്ന് വനിതകൾ പ്രതിജ്ഞ ചെയ്തു.

"ഭക്ഷണം, ജോലി, സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി കഴിഞ്ഞ ദിവസം കാബുളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ 40 അംഗ വനിതാസംഘം പ്രതിഷേധിച്ചിരുന്നു. "നീതി, നീതി. ഈ അജ്ഞതയിൽ ഞങ്ങൾ മടുത്തു" എന്ന് പ്രതിഷേധക്കാർ ശബ്ദമുയർത്തി. താലിബാൻ സേനാംഗങ്ങൾ ഇവരെ കായികമായി എതിർത്തു. ലാത്തി കൊണ്ട് മർദിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.

ഭരണത്തിലെത്തുമ്പോൾ സ്ത്രീകൾക്കെതിരെ മുൻകാല ഭരണത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ കുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിവേചനങ്ങൾ കൂടുകയായിരുന്നു. സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്നും തൊഴിൽ തേടുന്നതിൽ നിന്നും താലിബാൻ വിലക്കി. വസ്ത്ര സ്വാതന്ത്ര്യത്തിലും യാത്ര സ്വാതന്ത്ര്യത്തിലും കർശനമായ വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Taliban celebrates 1 yr in power in Afgan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.