തായ്‍വാൻ പ്രസിഡന്റ്

‘സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് തായ്‍വാൻ പ്രസിഡന്റ്

 വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി തായ്‌വാൻ. തങ്ങൾ ഒരു യുദ്ധത്തിനോ സംഘർഷത്തിനോ മുതിരില്ലെന്നും, എന്നാൽ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ഒരു ശക്തിക്ക് മുന്നിലും പണയം വെക്കില്ലെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെ വ്യക്തമാക്കി.

ട്രംപ്-ഷി ജിൻപിങ് ഉച്ചകോടിയിൽ തായ്‌വാൻ വിഷയം പ്രധാന ചർച്ചയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ലായ് ചിങ്-ടെ ആദ്യമായി പ്രതികരിച്ചത്. തായ്‌വാൻ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഈ വിഷയത്തിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, തായ്‌വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ താൻ പിന്തുണക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

കൂടാതെ, തായ്‌വാന് കഴിഞ്ഞ ഡിസംബറിൽ ട്രംപ് ഭരണകൂടം അനുമതി നൽകിയ 1100 കോടി ഡോളറിന്റെ ആയുധക്കച്ചവടം നടപ്പാക്കണമോ എന്ന് ചൈനയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന തായ്‌വാനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തായ്‌വാന് ആയുധം വിൽക്കുന്ന കാര്യത്തിൽ ചൈനയുമായി ആലോചിക്കില്ലെന്ന 1982ലെ അമേരിക്കൻ ഉറപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘1980കൾ ഒക്കെ ഒരുപാട് കാലം മുൻപല്ലേ’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെയും ചൈനയുടെയും പ്രതികരണങ്ങളോട് ശക്തമായ ഭാഷയിലാണ് തായ്‌വാൻ പ്രസിഡന്റ് മറുപടി നൽകിയത്. ‘തായ്‌വാൻ എന്നത് പരമാധികാരമുള്ള ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. തായ്‌വാന്റെ ഭാവി നിശ്ചയിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ താല്പര്യപ്രകാരമാണ്. തായ്‌വാൻ ഒരിക്കലും അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കുകയോ യുദ്ധത്തിന് വഴിമരുന്നിടുകയോ ഇല്ല. എന്നാൽ ചൈനയുടെ ഭീഷണിക്ക് വഴങ്ങി ഞങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ ജീവിതരീതിയും ഉപേക്ഷിക്കില്ല’ ലായ് ചിങ്-ടെ കുറിച്ചു.

ഒരു വലിയ സംഘർഷം ഒഴിവാക്കാൻ നിലവിലെ അവസ്ഥ തുടരുന്നതിനാണ് തായ്‌വാൻ പ്രാധാന്യം നൽകുന്നത്. ചൈനയുമായി സമാധാനപരമായ ചർച്ചകൾക്ക് തയാറാണെങ്കിലും ചൈന നടത്തുന്ന ഭീഷണികൾക്ക് വഴങ്ങില്ലെന്നും തായ്‌വാൻ വ്യക്തമാക്കി. തായ്‌വാനെ ചൈന ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സ്വയം പ്രതിരോധിക്കാനുള്ള ആയുധങ്ങൾ നൽകാൻ അമേരിക്ക നിയമപരമായി ബാധ്യസ്ഥരാണ്. ചൈന തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കുകയും തായ്‌വാന് ചുറ്റും ഉപരോധ സമാനമായ സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ആയുധ സഹായം മേഖലയിലെ സമാധാനത്തിന് അത്യാവശ്യമാണെന്നും ട്രംപിന്റെ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് തായ്‌വാൻ പ്രസിഡന്റ് ഓർമിപ്പിച്ചു.

Tags:    
News Summary - Taiwan will not provoke conflict nor give up sovereignty, says president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.