സിഗരറ്റ് കുറ്റി പെറുക്കാൻ 'കൂലിക്ക്' കാക്കകളെ നി​യമിച്ച് സ്വീഡൻ; കാരണം രസകരമാണ്

'കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍

സൂര്യപ്രകാശത്തിനുറ്റ തോഴി,

ചീത്തകള്‍ കൊത്തി വലിക്കുകിലു-

മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,

കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും

കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.'

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമോനോന്റെ 'കാക്ക' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. മാലിന്യ നിർമാർജനത്തിന്റെ ചിഹ്നമായൊക്കെ നാം കാക്കയെ ഉപയോഗിക്കാറുമുണ്ട്. എന്നാൽ, വിചിത്രമെന്ന് തോന്നുമെങ്കിലും കാക്കയെ ​'ജോലി'ക്ക് നിയോഗിച്ചിരിക്കുകയാണ് സ്വീഡനിൽ ഒരു സ്ഥാപനം.

തെരുവുകളില്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാൻ കാക്കകളെ നിയമിച്ച് സ്വീഡിഷ് സ്ഥാപനമായ കോര്‍വിഡ് ക്ലീനിങ് ആണ് പുതിയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഏറ്റവും വൃത്തിയുള്ള പക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കാക്കകളെ ഇതിനായി തെരഞ്ഞെടുത്തത്. പെറുക്കിയെടുക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും.

ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍ പെടുന്ന പക്ഷികളെയാണ് ശുചിത്വ ജോലിയിൽ പങ്കാളികളാക്കുന്നത്. ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കോര്‍വിഡ് ക്ലീനിങ്ങിന്‍റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു. അതുകൊണ്ടുതന്നെ അബദ്ധത്തിൽ പോലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ ഒരു ബെസ്‌പോക്ക് മെഷീനിലാണ് കാക്കകൾ നിക്ഷേപിക്കുക. ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീൻ.

ഓരോ വര്‍ഷവും 100 കോടി സിഗരറ്റ് കുറ്റികളാണ്‌ സ്വീഡനിലെ തെരുവുകളില്‍ ഉപേക്ഷിച്ച നിലയിൽ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനം വരും ഇത്. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതാണ് കാക്കകളെ ഉപയോ​ഗിക്കുന്നതിന്‍റെ പ്രധാന കാരണം.

'ദി കീപ്പ് സ്വീഡന്‍ ടിഡി ഫൗണ്ടേഷന്‍റെ 'കോര്‍വിഡ് ക്ലീനിംഗ്' എന്ന പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള പരിപാടി പുരോഗമിക്കുന്നതോടെ നഗരത്തിലെ തെരുവ് ശുചീകരണത്തിന്‍റെ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍-ഹാന്‍സെന്‍ കണക്കാക്കുന്നത്, ചെലവിന്റെ 75 ശതമാനമെങ്കിലും കുറയുമെന്നാണ്. നിലവില്‍ 20 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (162 മില്യൺ രൂപ) ആണ് തെരുവ് ശുചീകരണത്തിനായി ചെലവഴിക്കുന്നത്.

'ചേലുകള്‍ നോക്കുവോളല്ല നാനാ-

വേലകള്‍ ചെയ്യുവോളിക്കിടാത്തി.

ലോലമായ്‌ മുവ്വിതളുള്ള നീല-

ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,

ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ

ചാണകവെള്ളം തളിച്ചപോലെ!' എന്നും കവിതയിൽ വൈലോപ്പിള്ളി പറയുന്നുണ്ട്. സ്വീഡനിലെ കമ്പനിയുടെ പരീക്ഷണം എല്ലായിടത്തും പ്രയോഗിക്കാവുന്നതാണ്. 

Tags:    
News Summary - Swedish firm deploys crows to pick up cigarette butts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.