വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെഡറൽ ഫണ്ടിങ് നയങ്ങൾ മൂലമുണ്ടായ ബജറ്റ് പരിമിതികൾ ചൂണ്ടിക്കാട്ടി 360ലധികം ജീവനക്കാരെ പിരിച്ചുവിട്ട് സ്റ്റാൻഫോർഡ് സർവകലാശാല. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെത്തുടർന്നാണ് പല സർവകലാശാലകൾക്കുമുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുന്നത്.
സ്റ്റാൻഫോർഡ് ബജറ്റ് കുറക്കൽ പ്രക്രിയയിലാണെന്നാണ് പിരിച്ചുവിടലുകളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായി ഒരു സർവകലാശാല വക്താവ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച നിരവധി സ്കൂളുകളും യൂനിറ്റുകളും സ്റ്റാഫ് വർക്ക്ഫോഴ്‌സ് വെട്ടിക്കുറച്ചതായും മൊത്തത്തിൽ 363 പിരിച്ചുവിടലുകൾ സംഭവിച്ചതായും വക്താവ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ഫെഡറൽ നയ മാറ്റങ്ങളാൽ രൂപപ്പെട്ട വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷം കാരണം അടുത്ത വർഷത്തേക്കുള്ള ജനറൽ ഫണ്ട് ബജറ്റിൽ 140 മില്യൺ ഡോളർ കുറച്ചതായി കാലിഫോർണിയൻ സർവകലാശാല ജൂണിൽ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം കാമ്പസ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ജൂത, ഇസ്രായേൽ വിദ്യാർഥികൾക്ക് പ്രതികൂലമായ അന്തരീക്ഷം തടയുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കാലിഫോർണിയ സർവകലാശാലക്കുള്ള 330 മില്യൺ ഡോളറിലധികം ധനസഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച മരവിപ്പിച്ചത്.
കൊളംബിയ സർവകലാശാലക്കും ബ്രൗൺ സർവകലാശലക്കും ഫണ്ട് അനുവദിക്കുമെന്നാണ് വിവരം. സർക്കാർ മുന്നോട്ടുവെച്ച ചില ആവശ്യങ്ങൾ രണ്ട് സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയുമായി ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുകയാണ്.
ഫലസ്തീൻ അനുകൂല കാമ്പസ് പ്രതിഷേധങ്ങൾക്കിടെ സർവകലാശാലകൾ ജൂതവിരുദ്ധത അനുവദിച്ചുവെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. ഗസ്സയിലെ ഇസ്രായേൽ സൈനിക ആക്രമണത്തെയും ഫലസ്തീൻ പ്രദേശങ്ങൾ കൈവശപ്പെടുത്തിയതിനെയും വിമർശിക്കുന്നത് ജൂതവിരുദ്ധതയുമായി സർക്കാർ തെറ്റായി താരതമ്യം ചെയ്യുന്നുവെന്ന് ചില ജൂത ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.