കൊളംബോ: ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചതായി പ്രസിഡന്റ് ഗോതബയ രാജപക്‌സെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ രാജ്യത്തെ പ്രതിഷേധങ്ങളെ തടയാന്‍ സുരക്ഷാസേനക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന അടിയന്തരഭരണ ഓർഡിനൻസ് പിൻവലിച്ചതായി പ്രസിഡന്റ് പറഞ്ഞു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കിടയിൽ എപ്രിൽ ഒന്നിനാണ് പ്രസിഡന്‍റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

ശ്രീലങ്കയിലെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കെതിരെ പ്രതിപക്ഷകക്ഷികൾ ഏപ്രിൽ മൂന്നിന് വലിയ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. സർക്കാറിനെതിരെയുള്ള ഈ പ്രതിഷേധങ്ങൾ അടിച്ചമർത്താനാണ് പ്രസിഡന്‍റ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് വകവെക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടരുകയും രാജ്യത്തെ സാമ്പത്തിക നില തകർക്കാന്‍ കാരണക്കാരായ സർക്കാറിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രതിക്ഷേധത്തിൽ പ്രസിഡന്റിന്റെ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തകർത്തതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥയുടെ അംഗീകാരത്തിനായി പാർലമെന്‍റിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണകക്ഷിയായ ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി സഖ്യത്തിലെ രണ്ടാമത്തെ വലിയ ഗ്രൂപ്പ്പോലും തങ്ങളുടെ 14 അംഗങ്ങൾ അടിയന്തിരാവസ്ഥാപ്രമേയത്തെ പിന്തുണക്കില്ലെന്ന് നേരത്തെ തന്നെ രാജപക്‌സെയെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് അടിയന്തിരാവസ്ഥ പിന്‍വലിക്കാന്‍ പ്രസിഡന്‍റ് തീരുമാനിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും നീണ്ട വൈദ്യുതി മുടക്കവും ഉൾപടെ നിരവധി പ്രശ്നങ്ങളാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Sri Lankan President Gotabaya Rajapaksa revokes state of emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.