യു.എസ് ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേന

യു.എസ് ആക്രമണത്തിൽ തകർന്ന ഇറാനിയൻ കപ്പലിലെ ജീവനക്കാരെ തിരിച്ചയച്ച് ശ്രീലങ്ക

കൊളംബോ: അമേരിക്കയുടെ ടോർപ്പിഡോ ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ 238 ഇറാനിയൻ നാവികർ നാട്ടിലേക്ക് മടങ്ങി. ഒരു മാസത്തിലേറെയായി ശ്രീലങ്കയിൽ കഴിഞ്ഞിരുന്ന ഇവരെ ചൊവ്വാഴ്ച രാത്രിയോടെ പ്രത്യേക വിമാനത്തിലാണ് ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കൻ ഉപപ്രതിരോധ മന്ത്രി അരുണ ജയശേഖരയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്ക തകർത്ത ഇറാന്റെ യുദ്ധക്കപ്പലായ 'ഐറിസ് ദേന' (Iris Dena) കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 32 പേരും, യന്ത്രത്തകരാറിനെത്തുടർന്ന് ശ്രീലങ്കൻ തുറമുഖത്ത് അടുപ്പിച്ച 'ഇറിൻസ് ബുഷെർ' (Irins Bushehr) കപ്പലിലെ 206 നാവികരും ഉൾപ്പെടെ 238 ഇറാനിയൻ നാവികരാണ് നാട്ടിലേക്ക് മടങ്ങിയത്.

മാർച്ച് 4ന് ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനികാഭ്യാസത്തിൽ പങ്കുചേർന്ന് മടങ്ങുകയായിരുന്നു ഐറിസ് ദേന. ശ്രീലങ്കൻ തീരത്ത് നിന്ന് 40 കിലോമീറ്റർ അകലെ വെച്ച് അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ കപ്പൽ തകർന്നു വീഴുകയായിരുന്നു. ആക്രമണത്തിൽ 104 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു. ഇതിൽ 84 പേരുടെ മൃതദേഹങ്ങൾ നേരത്തെ തന്നെ ഇറാൻ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു.

ഐറിസ് ദേന തകർന്നതിന് തൊട്ടുപിന്നാലെ മാർച്ച് 5ന് യന്ത്രത്തകരാർ മൂലം ബുഷെർ കപ്പലും ശ്രീലങ്കയുടെ സഹായം തേടി. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഇവർക്ക് അഭയം നൽകാൻ ശ്രീലങ്കൻ സർക്കാർ തയ്യാറാവുകയായിരുന്നു. അമേരിക്കയുമായും ഇറാനുമായും ശക്തമായ സാമ്പത്തിക-നയതന്ത്ര ബന്ധമുള്ള ശ്രീലങ്ക, വിഷയത്തിൽ തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു.

'മാനവികതയെ സംരക്ഷിക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കില്ല. അന്താരാഷ്ട്ര ഉടമ്പടികളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും രാജ്യത്തിന്റെ അന്തസ്സും ഉയർത്തിപ്പിടിച്ചാണ് ഈ വിഷയത്തിൽ ഇടപെട്ടത്' എന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ 15 ഇറാനിയൻ നാവികർ കൂടി ശ്രീലങ്കയിൽ തുടരുന്നുണ്ട്. ഇവർ വടക്കുകിഴക്കൻ നഗരമായ ട്രിങ്കോമാലിയിൽ നങ്കൂരമിട്ടിരിക്കുന്ന 'ഇറിൻസ് ബുഷെർ' കപ്പലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് അവിടെ തുടരുന്നത്.

Tags:    
News Summary - Sri Lanka repatriates crew of Iranian ship damaged in US attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.