കൊളംമ്പോ: ഇറാനിൽ ആക്രമണം നടത്തുന്നതിന് മുമ്പായി ശ്രീലങ്കയിൽ യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള യു.എസിന്‍റെ അഭ‍്യർഥനയെ നിരസിച്ചുവെന്ന് പ്രസിഡന്‍റ് അനുര കുമാര ദിസനായകെ.
മാർച്ച് നാല് മുതൽ എട്ട് വരെ തെക്കൻ ശ്രീലങ്കയിലെ മത്തല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുദ്ധവിമാനങ്ങൾ ഇറക്കാൻ വാഷിങ്ടൺ അനുമതി തേടിയതായി വെള്ളിയാഴ്ച പാർലമെന്‍റ് സമ്മേളനത്തിനിടെ ദിസനായകെ പറഞ്ഞു. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 26 നാണ് അഭ്യർഥന നടത്തിയത്. എന്നാൽ നിഷ്പക്ഷത നിലനിർത്തുന്നതിനായി അത് നിരസിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
`ജിബൂട്ടിയിൽ നിന്ന് എട്ട് ആന്റി-ഷിപ്പ് മിസൈലുകൾ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങൾ കൊണ്ടുവരാനാണ് അവർ ആഗ്രഹിച്ചത്. ശ്രീലങ്കയുടെ നിഷ്പക്ഷത നിലനിർത്തുന്നതിനായി ഞങ്ങൾ ആ അഭ്യർഥന നിരസിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ നിന്നുള്ള മൂന്ന് നാവിക കപ്പലുകൾക്ക് സൗഹൃദ സന്ദർശനത്തിനായി അനുമതി നൽകണമെന്ന മറ്റൊരു അഭ്യർഥനയും ഇതേ ദിവസം തന്നെ ലഭിച്ചതായി ദിസനായകെ വെളിപ്പെടുത്തി.
`രണ്ട് അഭ്യർഥനകളും മുന്നിലുണ്ടായിരുന്നപ്പോൾ തീരുമാനം വ്യക്തമായിരുന്നു. ഒന്നിന് അനുമതി നൽകിയാൽ രണ്ടാമത്തതിനും നൽകേണ്ടി വരും. അതിനാൽ ഒരു പക്ഷവും പിടിക്കാതെ ഞങ്ങൾ രണ്ടും നിരസിച്ചു' അദ്ദേഹം പറഞ്ഞു.
മാർച്ച് ആദ്യം ശ്രീലങ്കൻ തീരത്ത് യു.എസ് സബ്മറൈൻ തകർത്ത ഇറാന്റെ `ഐറിസ് ഡെന' കപ്പലിലെ 32 ജീവനക്കാരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിൽ 84 പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം `ഐറിസ് ബുഷെർ'എന്ന രണ്ടാമത്തെ ഇറാനിയൻ കപ്പലിൽ നിന്ന് 200 ലധികം ജീവനക്കാരെയും ശ്രീലങ്ക ഒഴിപ്പിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ‍്യയിലുടനീളം ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എണ്ണ, വാതക വില കുതിച്ചുയരാനും സംഘർഷം വ്യാപിക്കുമെന്ന ഭീതി വർധിക്കാനും കാരണമായി. യുദ്ധത്തെത്തുടർന്ന് ഇറാൻ തന്ത്രപ്രധാനമായ ജലപാത അടച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ വിതരണത്തെയും ബാധിക്കുന്ന സാഹചര്യം ഉടലെടുത്തു. ഇതോടെ സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ നിഷ്പക്ഷ നയം ഉയർത്തിപ്പിടിച്ച് യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.