'പോൺ പാസ്പോർട്ട്' നടപ്പാക്കാൻ സ്പെയിൻ; അഡൾട്ട് വെബ്സൈറ്റുകളിൽ കൗമാരക്കാരെ നിയന്ത്രിക്കുക ലക്ഷ്യം

രാജ്യത്തെ പകുതിയോളം കൗമാരക്കാരും ലൈംഗിക ഉള്ളടക്കമടങ്ങിയ പോണോഗ്രഫി വെബ്സൈറ്റുകളിൽ സജീവമാണെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ 'പോൺ പാസ്പോർട്ട്' നടപ്പാക്കാൻ സ്പെയിൻ. അഡൾട്ട് വെബ്സൈറ്റുകളിൽ കൗമാരക്കാരെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. പ്രത്യേകമായി തയാറാക്കിയ ആപ്പാണ് 'പോൺ പാസ്പോർട്ടാ'യി പ്രവർത്തിക്കുക. 18 വയസ് തികഞ്ഞിട്ടുണ്ടെന്ന് ഈ ആപ്പിലൂടെ വെരിഫൈ ചെയ്താൽ മാത്രമേ പോണോഗ്രഫി വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ സാധിക്കൂ.

പോൺ-അഡിക്ഷനെതിരെ പ്രവർത്തിക്കുന്ന ഡേൽ യുന വെൽറ്റ എന്ന സംഘടന ഓൺലൈൻ പോണോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഏറെക്കാലമായി ആവ‍ശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ വൻ തോതിൽ പോൺ വെബ്സൈറ്റുകളിൽ സജീവമാണെന്ന സ്ഥിതിവിവരക്കണക്കുകൾ ഇവർ പുറത്തുവിട്ടിരുന്നു. ഞെട്ടിക്കുന്നതാണ് ഈ കണക്കുകളെന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.

ഡിജിറ്റൽ വാലറ്റ് ബീറ്റ എന്ന മൊബൈൽ ആപ്പാണ് ഇതിനായി കൊണ്ടുവന്നത്. 'പജാപോർട്ട്' എന്നാണ് ഇത് അറിയപ്പെടുക. ഉപഭോക്താവിന്‍റെ പ്രായം 18ന് മുകളിലാണോയെന്ന് ഈ ആപ്പ് വഴി പരിശോധിക്കാനാകും. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ആപ്പിൽ നൽകി പ്രായം തെളിയിച്ചാൽ മാത്രമേ പോണോഗ്രാഫി സൈറ്റുകളിൽ പ്രവേശിക്കാനാകൂ.

മാത്രമല്ല, മുതിർന്നവർക്ക് പോൺ വിഡിയോകൾക്കായുള്ള ഡിജിറ്റൽ വാലറ്റ് പോലെയും ഈ ആപ്പ് പ്രവർത്തിക്കും. ഒരു തവണ പ്രായം തെളിയിച്ചുകഴിഞ്ഞാൽ 30 'പോൺ ക്രെഡിറ്റു'കൾ ലഭിക്കും. ഈ ക്രെഡിറ്റുകൾക്ക് ഒരു മാസത്തെ കാലാവധിയാണുണ്ടാവുക. കൂടുതൽ പോൺ ക്രെഡിറ്റുകൾക്ക് പ്രത്യേക റിക്വസ്റ്റ് നൽകേണ്ടിവരും.

യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ 2027ൽ നടപ്പാക്കാൻ പോകുന്ന ഡിജിറ്റൽ ഐഡന്‍റിറ്റി സംവിധാനത്തിന്‍റെ ഭാഗമായിട്ടുകൂടിയാണ് സ്പാനിഷ് സർക്കാറിന്‍റെ ഇത്തരമൊരു നീക്കം. 

Tags:    
News Summary - Spain Introduces 'Porn Passport' To Watch Adult Content Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.